മൊബൈൽ വരിക്കാർ സെപ്റ്റംബറിൽ 101.771 കോടിയായി

Posted on: November 4, 2018

മുംബൈ : രാജ്യത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളുടെ മൊബൈൽ വരിക്കാരുടെ എണ്ണം സെപ്റ്റംബർ 30 ന് 101.771 കോടിയിലെത്തിയതായി സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ. റിലയൻസ് ജിയോയുടെ ഓഗസ്റ്റിലെ കണക്കുകളാണ് റിപ്പോർട്ടിൽ ചേർത്തിട്ടുള്ളത്.

വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഭാർതി എയർടെല്ലാണ്. എയർടെൽ വരിക്കാരുടെ എണ്ണം 34.352 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള റിലയൻസ് ജിയോ ഇന്റഫോകോമിന് ഓഗസ്റ്റ് വരെ 23.923 കോടി വരിക്കാരാണുള്ളത്. യുപി ഈസ്റ്റ് സർക്കിളിലാണ് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. 87.53 ദശലക്ഷം. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സർക്കിളിൽ 84.7 ദശലക്ഷം വരിക്കാരുണ്ട്.

കേരളത്തിൽ ഐഡിയയുടെ വരിക്കാരുടെ എണ്ണം 1,27,57,000 ആണ്. വോഡഫോണിന് 77,45,232-ഉം, ഭാർതി എയർടെല്ലിന് 50,97,537 ഉം റിലയൻസ് ജിയോയ്ക്ക് 63,22,954  ഉം വരിക്കാർ വീതമാണുള്ളത്.

ബിഎസ്എൻഎൽ, എംടിഎൻ എൽ, ടാറ്റ, ആർകോം എന്നീ കമ്പനികളുടെ വരിക്കാരുടെ എണ്ണം ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ടെലികോം വ്യവസായം വലിയ പങ്കാണ് വഹിക്കുന്നതെന്ന് കോയ് ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യൂസ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നുവെന്ന് ടെലികോം വ്യവസായം ഉറപ്പു വരുത്തുന്നു. പുതിയ കമ്യൂണിക്കേഷൻ ടെക്‌നോളജിയുടെ ഗുണഫലം എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.