രാജ്യത്ത് 1025.59 ദശലക്ഷം മൊബൈല്‍ വരിക്കാര്‍

Posted on: January 4, 2019

കൊച്ചി : രാജ്യത്തെ സ്വകാര്യ മൊബൈല്‍ വരിക്കാരുടെ എണ്ണം 1025.59 ദശലക്ഷം കടന്നതായി കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു രാജ്യത്തെ ടെലികോം സേവന രംഗത്തെ പ്രധാന സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐ. പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്.

ആകെ 421.08 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍ ഐഡിയയാണ് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള കമ്പനി. വോഡഫോണിന് 215.99 ദശലക്ഷവും ഐഡിയയ്ക്ക് 205.09 ദശലക്ഷവും വരിക്കാരാണുള്ളത്. 314.76 ദശലക്ഷം വരിക്കാരുമായി ഭാരതി എയര്‍ടെല്ലാണ് രണ്ടാമത്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് 262.75 ദശലക്ഷം വരിക്കാരാണുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുളള സര്‍ക്കിള്‍ ഉത്തര്‍പ്രദേശ് ഈസ്റ്റാണ്. 87.35 ദശലക്ഷം വരിക്കാരാണിവിടെയുള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സര്‍ക്കിളില്‍ 85.16 ദശലക്ഷം വരിക്കാരുമുണ്ട്.

രാജ്യത്തെ ടെലികോം മേഖലയെ സംബന്ധിച്ച് സുപ്രധാന വര്‍ഷമാണ് കടന്നു പോയതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച സി.ഒ.എ.ഐ. ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു. 5ജി അടക്കമുള്ള സാങ്കേതികവിദ്യകളിലേക്കു മാറാനുള്ള വാണിജ്യപരമായ അടിത്തറയിടാന്‍ ടെലികോം സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞു. എല്ലാ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണെന്നും ഇതിനകം 10.4 ലക്ഷം കോടി രൂപ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ക്കായി ചെലവിട്ടു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: COAI | Telecom |