ഫോർഡ് ഇന്ത്യയിൽ 1264 കോടിയുടെ വികസനത്തിനൊരുങ്ങുന്നു

Posted on: September 24, 2017

ചെന്നൈ : ഫോർഡ് ഇന്ത്യയിൽ 1,264 കോടി രൂപ മുതൽമുടക്കിൽ ചെന്നൈയിൽ പ്രോഡക്ട് ഡെവലപ്‌മെന്റ് സെന്റർ സ്ഥാപിക്കും. മറ്റ് കേന്ദ്രങ്ങളുമായി ചേർന്ന് പുതിയ ഉത്പന്നങ്ങളുടെ ഡിസൈനിംഗും വികസനവുമാണ് നടപ്പാക്കുന്നത്. ആഗോളതലത്തിൽ ഇത്തരത്തിലുള്ള ഒൻപതാമത്തെ കേന്ദ്രമാണ് ചെന്നൈയിലേത്. തുടക്കത്തിൽ 3,000 എൻജിനീയർമാർക്ക് തൊഴിലസരങ്ങളുണ്ടാകും.

ഫോർഡ് 1995 ൽ ഇന്ത്യയിൽ എത്തിയ ശേഷം 2 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. ചെന്നൈയിലും സനന്ദിലുമായി (ഗുജറാത്ത്) പ്രതിവർഷം 4,40,000 യൂണിറ്റ് ശേഷിയുള്ള രണ്ട് പ്ലാന്റുകൾ ഫോർഡിനുണ്ട്. സനന്ദ് പ്ലാന്റിൽ നിന്ന് ഫോർഡ് ആസ്പയർ, ഫിഗോ കാറുകൾ 50 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2016 ൽ മാത്രം 1,51,638 കാറുകളാണ് കയറ്റുമതി ചെയ്തത്.