എൽഡിഎഫിന് 92 സീറ്റ് ; താമര വിരിഞ്ഞു

Posted on: May 19, 2016

O-Rajagopal-Big

തിരുവനന്തപുരം : എൽഡിഎഫ് 92 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടി.
നേമത്ത് ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ 8,954 വോട്ടുകൾക്ക് മുന്നിലാണ്. മഞ്ചേശ്വരത്ത് 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. മലമ്പുഴ, ചാത്തന്നൂർ, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് 46 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ്.

മന്ത്രിമാരായ കെ. ബാബു, കെ.പി. മോഹനൻ, ഷിബു ബേബി ജോൺ, പി.കെ. ജയലക്ഷ്മി എന്നിവർ പരാജയപ്പെട്ടു. ശക്തമായ ചതുഷ്‌കോണ മത്സരത്തെ അതിജീവിച്ച് പി. സി. ജോർജ് പൂഞ്ഞാറിൽ 27,821 വോട്ടുകൾക്ക് വിജയിച്ചു. ജനാധിപത്യ കേരളാ കോൺഗ്രസ്, ആർഎസ്പി എന്നീ പാർട്ടികൾ സമ്പൂർണ പരാജയം ഏറ്റുവാങ്ങി.

പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, എ. എൻ. ഷംസീർ, സി. കെ. ശശീന്ദ്രൻ, വി.എസ്. സുനിൽകുമാർ, കെ. ബി.ഗണേഷ്‌കുമാർ, ഐഷാ പോറ്റി, മുകേഷ്, വീണ ജോർജ് തുടങ്ങിയ എൽഡിഎഫ് പ്രമുഖർ വിജയിച്ചു. ഇടതുതരംഗത്തിൽ തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു.

ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, സി.എഫ്. തോമസ് തുടങ്ങിയ യുഡിഎഫ് പ്രമുഖർ വിജയിച്ചു.

സ്പീക്കർ എൻ. ശക്തൻ, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, കെ. സുധാകരൻ, പദ്മജ വേണുഗോപാൽ, എം. വി. ശ്രേയംസ്‌കുമാർ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ, സതീശൻ പാച്ചേനി തുടങ്ങിയ പ്രമുഖ യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു.