ബിജെപി അക്കൗണ്ട് തുറന്നു ; എൽഡിഎഫിന് 91 സീറ്റ്

Posted on: May 19, 2016

O-Rajagopal-Big

തിരുവനന്തപുരം : എൽഡിഎഫ് 91 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ് നേടി.
ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ 8,954 വോട്ടുകൾക്ക് നേമത്ത് വിജയിച്ചു. മഞ്ചേശ്വരത്ത് 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. മലമ്പുഴ, ചാത്തന്നൂർ, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് 47 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ്.

മന്ത്രിമാരായ കെ. ബാബു, കെ.പി. മോഹനൻ, ഷിബു ബേബി ജോൺ, പി.കെ. ജയലക്ഷ്മി എന്നിവർ പരാജയപ്പെട്ടു. ശക്തമായ ചതുഷ്‌കോണ മത്സരത്തെ അതിജീവിച്ച് പി. സി. ജോർജ് പൂഞ്ഞാറിൽ 27,821 വോട്ടുകൾക്ക് വിജയിച്ചു. കോൺഗ്രസിന് 21 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ജനാധിപത്യ കേരളാ കോൺഗ്രസ്, ജെഡിയു, ആർഎസ്പി എന്നീ പാർട്ടികൾ സമ്പൂർണ പരാജയം ഏറ്റുവാങ്ങി.

പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, തോമസ് ഐസക്ക്, ജി. സുധാകരൻ, എ. എൻ. ഷംസീർ, സി. കെ. ശശീന്ദ്രൻ, വി.എസ്. സുനിൽകുമാർ, കെ. ബി. ഗണേഷ്‌കുമാർ, അയിഷ പോറ്റി, മുകേഷ്, വീണ ജോർജ് തുടങ്ങിയവർ വിജയിച്ചു. ഇടതുതരംഗത്തിൽ തൃശൂർ ജില്ലയിലെ 12 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. വടക്കാഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര മൂന്നു വോട്ടുകൾക്ക് വിജയിച്ചു.

ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, എം.കെ. മുനീർ, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, സി.എഫ്. തോമസ്, പി.കെ. ബഷീർ തുടങ്ങിയ യുഡിഎഫ് പ്രമുഖർ വിജയിച്ചു.

സ്പീക്കർ എൻ. ശക്തൻ, പി.സി. വിഷ്ണുനാഥ്, പന്തളം സുധാകരൻ, എം.എ. ഹസൻ, ഡൊമിനിക്ക് പ്രസന്റേഷൻ, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, കെ. സുധാകരൻ, പദ്മജ വേണുഗോപാൽ, എം. വി. ശ്രേയംസ്‌കുമാർ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ, സതീശൻ പാച്ചേനി തുടങ്ങിയ പ്രമുഖ യുഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു.