സബ്‌സിഡയറികളുടെ ലയനം എസ് ബി ഐക്ക് ബാധ്യതയായേക്കും

Posted on: May 18, 2016

SBI-Corporate-Centre-big

ന്യൂഡൽഹി : അഞ്ച് സബ്‌സിഡയറികളും ഭാരതീയ മഹിള ബാങ്കും ലയിപ്പിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം വൻ ബാധ്യതയ്ക്ക് വഴിവെച്ചേക്കുമെന്ന് വിലയിരുത്തൽ. ജീവനക്കാരുടെ എതിർപ്പിനെ മറികടന്ന് നടപ്പ് ധനകാര്യവർഷം തന്നെ ലയനം യാഥാർത്ഥ്യമാക്കാനാണ് നീക്കം. ആറു ബാങ്കുകളുടേതായി 6,400 ശാഖകളും 38,000 ജിവനക്കാരെയും എസ് ബി ഐ ഉൾക്കൊള്ളേണ്ടി വരും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ & ജയപ്പൂർ എന്നീ സബ്‌സിഡയറികൾ ലയിപ്പിക്കുന്നത് എസ് ബി ഐയുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് ട്രേഡ് യൂണിയനുകളുടെ നിലപാട്.

ഇപ്പോൾ എസ് ബി ഐ ജീവനക്കാർ പ്രൊവിഡന്റ് ഫണ്ടും പെൻഷനുമുണ്ട്. എന്നാൽ സബ്‌സിഡയറികളിലെ ജീവനക്കാർക്ക് ഇവയിൽ ഏതെങ്കിലും ഒന്നു മാത്രമെ ലഭിക്കുകയുള്ളു. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും ലയിപ്പിച്ചതോടെ ചെലവ് ക്രമാതീതമായി വർധിച്ചിരുന്നു.