ബ്രസൽസ് ഭീകരാക്രമണം : 34 പേർ കൊല്ലപ്പെട്ടു

Posted on: March 22, 2016

ബ്രസൽസ് : ബ്രസൽസിലെ സാവെന്റം വിമാനത്താവളത്തിലും മാൽബീക്ക് മെട്രോ സ്‌റ്റേഷനിലുമുണ്ടായ ഭീകരാക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. ജെറ്റ് എയർവേസ് ജീവനക്കാരായ രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ നൂറിലേറെപ്പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബൽജിയം സമയം ഇന്നു രാവിലെ എട്ടുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. അമേരിക്കൻ എയർലൈൻസിന്റെയും ബ്രസൽസ് എയർലൈൻസിന്റെയും ചെക്ക് ഇൻ കൗണ്ടറുകൾക്ക് സമീപവും ഡിപ്പാർച്ചർഹാളിലുമാണ് രണ്ട് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായത്. വിമാനത്താവളത്തിൽ ചാവേറാക്രമണമുണ്ടായതായി ബെൽജിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഒരു മണിക്കൂറിന് ശേഷം മൂന്നാമത്തെ സ്‌ഫോടനം നഗരഹൃദയത്തിലെ മാൽബീക്ക് മെട്രോ സ്‌റ്റേഷനിലും സംഭവിച്ചു. യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷനിലുണ്ടായ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. രാജ്യാന്തരവിമാനത്താവളം ഉൾപ്പടെ ബ്രസൽസിലെ പൊതുഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ലണ്ടനിൽ നിന്ന് ബ്രസൽസിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു.

യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാദ് തുടങ്ങിയ ലോകനേതാക്കൾ ആക്രമണത്തെ അപലപിച്ചു.