ഫ്‌ളൈദുബായ് വിമാനം തകർന്ന് 62 പേർ മരണമടഞ്ഞു

Posted on: March 19, 2016

മോസ്‌കോ : റഷ്യയിലെ റോസ്‌തോവ് ഓൺ ഡോൺ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഫ്‌ളൈ ദുബായ് വിമാനം തകർന്ന് 62 പേർ മരണമടഞ്ഞു. ഇന്നു പുലർച്ചെ ഇന്ത്യൻ സമയം 5.01 ന് ആണ് ദുരന്തമുണ്ടായത്. 55 യാത്രക്കാരും ഏഴ് വിമാനജോലിക്കാരുമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിലേറെയും റഷ്യക്കാരാണ്.

ദുബായ് എയർപോർട്ടിൽ നിന്ന് റോസ്‌തോവ് ഓൺ ഡോണിലേക്ക് വന്ന ബോയിംഗ് 737-800 വിമാനമാണ് (ഫ്‌ളൈറ്റ് നമ്പർ എഫ്ഇസഡ് 981) ലാൻഡിംഗിനിടെ തകർന്നു വീണത്. മോശം കാലാവസ്ഥയിൽ ദുരക്കാഴ്ച കുറവായതിനാൽ ലാൻഡിംഗിനുള്ള വിമാനത്തിന്റെ ആദ്യശ്രമം പാളി. രണ്ടാമതും ലാൻഡിംഗിന് ഒരുങ്ങുമ്പോഴാണ് ദുരന്തമുണ്ടായതെന്ന് എയർട്രാഫിക് കൺട്രോൾ വ്യക്തമാക്കി. റൺവേയ്ക്ക് 50-100 മീറ്റർ അടുത്ത് എത്തിയപ്പോഴാണ് അപകടം.

ഉക്രൈന് സമീപമാണ് അപകടമുണ്ടായ റോസ്‌തോവ് മേഖല. അപകടത്തെ തുടർന്ന് റോസ്‌തോവ് ഓൺ ഡോൺ വിമാനത്താവളം അടച്ചു. ഇവിടെ നിന്നു പുറപ്പെടേണ്ട് ആറ് വിമാനങ്ങൾ യാത്ര റദ്ദാക്കി. ഇവിടേക്കുള്ള മറ്റ് വിമാനങ്ങൾ ക്രാസ്‌നോഡാറിലേക്ക് വഴിതിരിച്ചുവിട്ടു.