എഡിബി ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4 ശതമാനമായി കുറച്ചു

Posted on: September 23, 2015

Asian-Development-Bank-CS

ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4 ശതമാനമായി കുറച്ചു. നേരത്തെ 7.8 ശതമാനം ജിഡിപി വളർച്ചയാണ് പ്രവചിച്ചിരുന്നത്. നിർണായക പരിഷ്‌കാരങ്ങൾ നേരിടുന്ന തടസങ്ങളും ദുർബലമായ മൺസൂണുമാണ് വളർച്ചാനിരക്കിൽ പുനർനിർണയിക്കാൻ ഇടയാക്കിയത്. വ്യവസായിക രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക മാന്ദ്യവും ഇന്ത്യയുടെ വളർച്ചയെ ബാധിക്കുമെന്ന് എഡിബി വിലയിരുത്തുന്നു.

അടുത്ത ധനകാര്യവർഷത്തെ (2016-17) ഇന്ത്യയുടെ സാമ്പത്തികവളർച്ചയും എഡിബി പുനരവലോകനം ചെയ്തിട്ടുണ്ട്. നേരത്തെ പ്രതീക്ഷിച്ച 8.2 ശതമാനം വളർച്ച 7.8 ശതമാനമാകുമെന്നാണ് പുതിയ നിഗമനം. 2014 ൽ 7.4 ശതമാനം വളർച്ചയാണ് എഡിബി പ്രവചിച്ചിരുന്നത്.

നിക്ഷേപകരുടെ ആത്മധൈര്യം വീണ്ടെടുക്കുന്നതിനുള്ള നടപടികളും പരിഷ്‌കാരങ്ങളും കൊണ്ടു മാത്രമെ ഇന്ത്യയ്ക്ക് സാമ്പത്തിക വളർച്ച നേടാനാകുകയുള്ളുവെന്ന് എഡിബി ചീഫ് ഇക്‌ണോമിസ്റ്റ് ഷാംഗ് ജിൻ വീ പറഞ്ഞു. നാണ്യപെരുപ്പം കുറഞ്ഞതും ക്രൂഡോയിൽ ഇറക്കുമതി ചെലവ് കുറഞ്ഞതും നികുതി വരുമാനം കൂടിയതും വിദേശനിക്ഷേപം തുടരുന്നതും വളർച്ചയ്ക്കുള്ള അനുകൂലഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.