സ്വർണ്ണം ഇറക്കുമതിയിൽ വൻ വർധന

Posted on: September 13, 2015

GOLD-BAR-Big

മുംബൈ : ഇന്ത്യയിലേക്കുള്ള സ്വർണ്ണം ഇറക്കുമതിയിൽ വൻ വർധന. ഓഗസ്റ്റിൽ 120 ടൺ സ്വർണ്ണമാണ് ഇറക്കുമതി ചെയ്തത്. നടപ്പുവർഷം ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തിയത് ഓഗസ്റ്റിലാണ്. 2014 ഓഗസ്റ്റിൽ 50 ടൺ ഇറക്കുമതി ചെയ്ത സ്ഥാനത്താണ് ഇരട്ടിയിലേറെ വളർച്ചകൈവരിച്ചത്. ഈ വർഷം ജൂലൈയിൽ 89 ടൺ ആയിരുന്നു ഇറക്കുമതി.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന്റെ വില കുറഞ്ഞതാണ് ഇന്ത്യയിലും ചൈനയിലും ഡിമാൻഡ് വർധിക്കാൻ ഇടയാക്കിയത്. ദീപാവലി സീസൺ മുൻകൂട്ടി കണ്ട് ആഭരണനിർമാതാക്കൾ വൻതോതിൽ സ്വർണ്ണം ഇറക്കുമതി നടത്തിവരികയാണ്. 10 ശതമാനമാണ് ഇപ്പോഴത്തെ ഇംപോർട്ട് ഡ്യൂട്ടി. പ്രതിവർഷം 1,000 ടൺ സ്വർണ്ണമാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതി.

20,000 ടണ്ണിൽ അധികം സ്വർണ്ണം ഇന്ത്യയിലെ വീടുകളിലും ആരാധനാലയങ്ങളിലും ഉണ്ടെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.