ഇന്ത്യയുടെ വളർച്ചാ നിരക്ക് 7 ശതമാനമായി മൂഡീസ് കുറച്ചു

Posted on: August 18, 2015

MOODYS-big

ന്യൂഡൽഹി : രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡീസ് 2015-16 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 7 ശതമാനമായി കുറച്ചു. നേരത്തെ 7.5 ശതമാനം ജിഡിപി വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. പരിഷ്‌ക്കാരങ്ങളുടെ വേഗത കുറവും മൺസൂണിന്റെ ലഭ്യത കുറഞ്ഞതുമാണ് വളർച്ചാനിരക്ക് പുനർനിർണയിക്കാൻ ഇടയാക്കിയതെന്ന് മൂഡീസ് വ്യക്തമാക്കി. ഭക്ഷ്യധാന്യങ്ങൾക്ക് ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതും ആഗോള വ്യാപാര വളർച്ചയിലെ കുറവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും മൂഡീസ് വിലയിരുത്തി. ഇന്ത്യ 2016 ൽ 7.5 ശതമാനം വളർച്ച നേടുമെന്നാണ് മൂഡീസ് പ്രവചിക്കുന്നത്.

അതേസമയം ചൈനയുടെ ജിഡിപി വളർച്ച 2015 ൽ 6.8 ഉം 2016 ൽ 6.5 ഉം ശതമാനമായിരിക്കും. ഈ ദശാബ്ദത്തിന്റെ അവസാനമാകുമ്പോഴേക്കും  6 ശതമാനമായി കുറയുകയും ചെയ്യുമെന്നാണ് മൂഡീസിന്റെ നിഗമനം. ആഗോള സാമ്പത്തിക വളർച്ച അടുത്ത രണ്ട് വർഷത്തേക്ക് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നീങ്ങും. ജി20 രാജ്യങ്ങളുടെ ജിഡിപി വളർച്ച ഈ വർഷം 2.7 ശതമാനവും 2016 ൽ മൂന്നു ശതമാനത്തിനടുത്തുമായിരിക്കും.