എം എ യൂസഫലി ലണ്ടനിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുന്നു

Posted on: July 27, 2015

Yusuf-Ali-M-A-may-2015-Big

അബുദാബി : പദ്മശ്രീ എം എ യൂസഫലി ലണ്ടനിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുന്നു. വെസ്മിനിസ്റ്ററിൽ നേരത്തെ വാങ്ങിയ സ്‌കോട്ട്‌ലൻഡ് യാർഡ് ബിൽഡിംഗ് നവീകരിച്ചാണ് ഹോട്ടൽ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച് ലണ്ടനിലെ ഗില്ലിയാർഡ് ഹോംസുമായി 110 മില്യൺ പൗണ്ടിന്റെ കരാർ ഒപ്പുവച്ചു. 1910 ൽ നിർമ്മിച്ച ഏഴ് നിലകളുള്ള ഈ കെട്ടിടത്തിലാണ് ബ്രിട്ടീഷ് രഹസ്യപ്പോലീസായ സ്‌കോട്ട്‌ലൻഡ് യാർഡിന്റെ പോലീസ് സ്‌റ്റേഷനും പിന്നീട് ബ്രിട്ടീഷ് ആർമി റിക്രൂട്ട്‌മെന്റ് സെന്ററും പ്രവർത്തിച്ചിരുന്നത്. 2004 വരെ ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.

Lulu-Great-ScotlandYard-Hot

പുതിയ ഹോട്ടൽ 2017 ഒന്നാം ക്വാർട്ടറിൽ അതിഥികൾക്കായി തുറന്നുകൊടുക്കാനാകുമെന്ന് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി 14 ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക് ടർ അദീബ് അഹമ്മദ് പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ 30 ശതമാനം പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്റീരിയർ ജോലികൾ 2016 മാർച്ചിൽ തുടങ്ങുമെന്നും അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി.

ട്വന്റി 14 ഹോൾഡിംഗ്‌സിന്റെ പുതിയ ഹോട്ടൽ ഈ വർഷം ഒക്‌ടോബറിൽ ദുബായ് ബിസിനസ് ബേയിൽ തുറക്കും. 230 മുറികളുള്ള അൽ ഹഷർ ഹോട്ടൽ നവീകരിച്ചുവരികയാണ്. മസ്‌ക്കറ്റിലെ ഷെറാട്ടൺ ഒമാൻ ഹോട്ടലും ഗ്രൂപ്പിന്റെ ഭാഗമാണ്.