ഫോക്‌സ്‌കോൺ ഇന്ത്യയിൽ 12 പ്ലാന്റുകൾ തുറക്കും

Posted on: July 11, 2015

Foxconn-factory-Big

ന്യൂഡൽഹി : ആപ്പിളിനു വേണ്ടി ഐഫോണും ഐപാഡും നിർമ്മിക്കുന്ന ഫോക്‌സ്‌കോൺ ഗ്രൂപ്പ് 2020 ടെ ഇന്ത്യയിൽ 12 പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് ഫോക്‌സ്‌കോൺ ചെയർമാൻ ടെറി ഗൗ പറഞ്ഞു. ഇതു വഴി 10 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

കൂടാതെ ഡൽഹി, മുംബൈ, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഡാറ്റാ സെന്ററുകളും സ്ഥാപിക്കും. ഇന്ത്യയിലെ ഇന്റർനെറ്റ് സ്റ്റാർട്ടപ്പുകളിലും ഹാൻഡ്‌സെറ്റ് നിർമാണക്കമ്പനികളിലും ചെറുകിട-ഇടത്തരം സംരംഭങ്ങളിലും മൂലധനനിക്ഷേപം നടത്താനും ഫോക്‌സ്‌കോണിന് പദ്ധതിയുണ്ട്. തായ് വാൻ ആസ്ഥാനമായുള്ള ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് (ഹോൺ ഹായ് ഗ്രൂപ്പ്) ആപ്പിളിന് പുറമെ, സിസ്‌കോ, ഡെൽ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾക്കു വേണ്ടിയും കരാർ അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്.