ഫോക്‌സ്‌കോൺ ഇന്ത്യയിൽ 2 ബില്യൺ ഡോളർ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: August 5, 2015

Foxconn-Chairman-Terry-Gou-

ന്യൂഡൽഹി : ഫോക്‌സ്‌കോൺ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 2 ബില്യൺ ഡോളർ (12,800 കോടി രൂപ) നിക്ഷേപിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മൊബൈൽ ഹാൻഡ്‌സെറ്റുകളും ടെലിവിഷനുകളും മറ്റ് ഇലക്‌ട്രോണിക് ഉത്പന്നങ്ങളും നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 10-12 മാനുഫാക്ചറിംഗ് പ്ലാന്റുകൾ സ്ഥാപിക്കും. കരാർ അടിസ്ഥാനത്തിൽ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയാണ് ഫോക്‌സ്‌കോൺ. ഫോക്‌സ്‌കോണിന്റെ സബ്‌സിഡയറിയായ കോംപിറ്റീഷൻ ടീം ടെക്‌നോളജിക്ക് ഇപ്പോൾ ചെന്നൈയിൽ പ്ലാന്റുണ്ട്. സോണി ബ്രാവിയ ടെലിവിഷൻ സെറ്റുകൾ ഇവിടെയാണ് നിർമ്മിക്കുന്നത്.

ആപ്പിൾ, ബ്ലാക്ക്‌ബെറി, ഷവോമി, മോട്ടോറോള, സോണി, ഹുവെയ്, മൈക്രോമാക്‌സ് തുടങ്ങിയ ബ്രാൻഡുകൾക്കു വേണ്ടി ഫോക്‌സ്‌കോൺ ഉത്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. അദാനി ഗ്രൂപ്പുമായി സഹകരിച്ച് പ്ലാന്റുകൾ സ്ഥാപിക്കാൻ ഫോക്‌സ്‌കോണിന് പദ്ധതിയുണ്ടെന്ന് ചെയർമാൻ ടെറി ഗൗ പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ ടെറി ഗൗ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെലികോം മന്ത്രി രവി ശങ്കർ പ്രസാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.