ഖത്തർ എയർവേസ് കൂടുതൽ വിമാനക്കമ്പനികളിൽ മുതൽമുടക്കിന് ഒരുങ്ങുന്നു

Posted on: June 18, 2015

Qatar-Airways-A-380-Big

ദോഹ : ഖത്തർ എയർവേസ് കൂടുതൽ വിമാനക്കമ്പനികളിൽ മുതൽമുടക്കാൻ ഒരുങ്ങുന്നു. അഞ്ച് ശതമാനമോ അതിൽ കൂടുതലോ ഓഹരിപങ്കാളിത്തത്തിനാണ് ഖത്തർ എയർവേസ് ശ്രമിക്കുന്നത്. ആഗോള വളർച്ച ലക്ഷ്യമിട്ട് കൂടുതൽ ഓഹരി വാങ്ങാനും തയാറാണെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് എയർവേസിന്റെ ഹോൾഡിംഗ് കമ്പനിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതായി ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു.

നേരത്തെ ഇൻഡിഗോയിലും സ്‌പൈസ്‌ജെറ്റിലും മൂലധന നിക്ഷേപം നടത്താൻ ഖത്തർ എയർവേസ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടക്കുകയും ചെയ്തു. ഇൻഡിഗോ 49 ശതമാനം ഓഹരി നൽകാൻ തയാറായാൽ പരിഗണിക്കുമെന്നായിരുന്നു ഖത്തർ എയർവേസിന്റെ നിലപാട്. ഇത്തിഹാദ് ജെറ്റ് എയർവേസിൽ ഓഹരി വാങ്ങിയതിനു പിന്നാലെയാണ് ഖത്തർ എയർവേസ് ഇന്ത്യൻ വിമാനക്കമ്പനികളിൽ കണ്ണുവച്ചത്.

ആഗോള വളർച്ച ലക്ഷ്യമിടുമ്പോഴും യുഎസിൽ വലിയ വളർച്ചാ പദ്ധതിയില്ലെന്നുള്ള നിലപാടിലാണ് ഖത്തർ എയർവേസ്. ഖത്തർ എയർവേസ് ഉൾപ്പടെയുള്ള ഗൾഫ് വിമാനക്കമ്പനികൾ വൻതോതിൽ ഗവൺമെന്റ് സബ്‌സിഡികളും ഇളവുകളും നേടുന്നതായുള്ള അമേരിക്കൻ വിമാനക്കമ്പനികളുടെ ആരോപണത്തെ തുടർന്നാണിത്.

യുഎസിലെ ഏഴ് നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. അറ്റ്‌ലാന്റ, ലോസ് ആഞ്ചലസ്, ബോസ്റ്റൺ, ഡിട്രോയ്റ്റ് എന്നിവ കൂടി പരിഗണിക്കുന്നുണ്ട്. നിലവിലുള്ളതും പ്രഖ്യാപിച്ചതുമായ ഡെസ്റ്റിനേഷനുകൾക്കപ്പുറം യുഎസിൽ വളർച്ചാ പദ്ധതികളില്ലെന്ന് അൽ ബേക്കർ വിശദീകരിച്ചു.