കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ആക്‌സിസ് ബാങ്ക് – ഐടിസി സഹകരണം

Posted on: March 10, 2023

കൊച്ചി : ആക്‌സിസ് ബാങ്ക് ഐടിസിയുടെ കാര്‍ഷിക ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായ കര്‍ഷകര്‍ക്ക് ബാങ്കിന്റെ വായ്പ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കാനായി ഐടിസി ലിമിറ്റഡുമായി സഹകരിക്കും. ഈ പങ്കാളിത്തം വഴി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ ധനകാര്യസേവനം ലഭിക്കാത്ത കര്‍ഷകരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായിക്കും. കാര്‍ഷിക വായ്പ, സ്വര്‍ണപ്പണയ വായ്പ തുടങ്ങി നിരവധി പദ്ധതികള്‍ ബാങ്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

ഫുള്‍-സ്റ്റാക്ക് അഗ്രി-ടെക് ആപ്ലിക്കേഷനായ ഐടിസിഎംഎഎആര്‍എസ് (മെറ്റാ മാര്‍ക്കറ്റ് ഫോര്‍ അഡ്വാന്‍സ്ഡ് അഗ്രികള്‍ച്ചറല്‍ റൂറല്‍ സര്‍വീസസ്) വഴിയാണ് ആക്‌സിസ് ബാങ്ക് കര്‍ഷകരിലേക്ക് എത്തുകയും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നത്. കൂടാതെ രാജ്യത്തെ 656 ജില്ലകളിലുമുള്ള ബാങ്കിന്റെ ഗ്രാമീണ-നഗര, അര്‍ദ്ധ നഗര ശാഖകളിലൂടെ കര്‍ഷകര്‍ക്ക് വിപുലമായ ധനകാര്യ സേവനങ്ങളും പദ്ധതികളും ലഭ്യമാക്കും.

2223 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ അക്കൗണ്ടുകളുമായി ഭാരത് ബാങ്കിംഗ് തന്ത്രം കൂടുതല്‍ വിപുലീകരിക്കാന്‍ ആക്‌സിസ് ബാങ്ക് ലക്ഷ്യമിടുന്നു. 2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച് ഗ്രാമീണ മേഖലയിലെ ബാങ്കിന്റെ വായ്പ മുന്‍വര്‍ഷത്തേക്കാള്‍ 27 ശതമാനം വര്‍ധന കാണിച്ചപ്പോള്‍ ഡിപ്പോസിറ്റ് 16 ശതമാനം ഉയര്‍ന്നു.

ഈ പങ്കാളിത്തം വഴി ദശലക്ഷക്കണക്കിന് കര്‍ഷകരുമായി നല്ല ബന്ധം സ്ഥാപിക്കാനും അതുവഴി സാമ്പത്തിക സ്ഥിതി ഉയര്‍ത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്ന് ആക്‌സിസ് ബാങ്ക് ഗ്രൂപ്പ് എക്‌സിക്യൂട്ടീവും ഭാരത് ബാങ്കിംഗ് മേധാവിയുമായ മുനിഷ് ശര്‍ദ പറഞ്ഞു.

കര്‍ഷകര്‍ക്ക് സമയോചിതമായി വായ്പ ലഭ്യമാക്കി കര്‍ഷകരെ ഗുണമേന്മയുള്ള ഇന്‍പുട്ടുകള്‍ വാങ്ങാന്‍ പ്രാപ്തരാക്കും ഇത് ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഐടിസി ലിമിറ്റഡിന്റെ അഗ്രി ബിസിനസ് ഡിവിഷന്റെ ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് രജനികാന്ത് റായ് പറഞ്ഞു.

 

TAGS: Axis Bank | ITC Ltd |