ബാങ്ക് ഓഫ് ഇന്ത്യ കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പുവെച്ചു

Posted on: November 21, 2022

കൊച്ചി : അതിവേഗ ലിങ്കേജ് വായ്പാ സൗകര്യം, വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ബാങ്ക് ഓഫ് ഇന്ത്യ, ജനറല്‍ മാനേജര്‍ (എന്‍ബിജി സൗത്ത്-1), ശാരദ ഭൂഷന്‍ റായും, കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജാഫര്‍ മാലിക്കും ഒപ്പുവെച്ചു. ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം സോണല്‍ മാനെജര്‍ കെ. ശ്രീനിവാസ്, എറണാകുളം സോണല്‍ മാനെജര്‍ ശ്രീനാഥ് നമ്പുരു എന്നിവര്‍ ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജാഫര്‍ മാലിക്കിന് കൈമാറി.

ബാങ്ക് ഓഫ് ഇന്ത്യയുടെയും കുടുംബശ്രീയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. അര്‍ഹരായ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ ഈടുകളില്ലാതെ വായ്പാ സൗകര്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി അതാത് ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫിസുകളില്‍
നിന്ന്‌ലിങ്കേജ് വായ്പ ആവശ്യമുള്ള സ്വയം സഹായ സംഘങ്ങളുടെ വിവരങ്ങള്‍ബാങ്ക് ശേഖരിച്ച് വായ്പാ വിതരണ പരിപാടി ഊര്‍ജിതമാക്കും.

പുതിയ അകൗണ്ടുകള്‍ തുറക്കുന്നതിനും, ലിങ്കേജ് വായ്പകള്‍ നല്‍കുന്നതിനുമുള്ള നിലവിലെ നടപടിക്രമങ്ങള്‍ സുതാര്യമാക്കും. ലിങ്കേജ് വായ്പകളിലേക്കുള്ള ദ്രുത പ്രവേശനത്തോടൊപ്പം മറ്റ് ബാങ്കുകളില്‍ നിന്നും, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നിലവിലുള്ള വായ്പകള്‍ വ്യവസ്ഥാബന്ധിതമായി ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നതാണ്.