കേരള ഗെയിംസ് എക്‌സ്‌പോ : രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ട്

Posted on: May 2, 2022

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്കായി രുചിവൈവിധ്യങ്ങളൊരുക്കി കഫേ കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ട്. കേരളത്തില്‍ നിന്നും കുടുംബശീയുടെ കീഴിലുള്ള ഒമ്പത് യൂണിറ്റുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് കഫേ കുടുംബശ്രീ യൂണിറ്റുകളും ഉള്‍പ്പെടെ പതിനാല് യൂണിറ്റുകള്‍ ഫുഡ്‌കോര്‍ട്ടില്‍ പങ്കെടുക്കും. ഒരേ സമയം മുന്നൂറു പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടാണ് സജ്ജീകരിച്ചിട്ടുള്ളത്.

വേറിട്ട രുചിക്കൂട്ടുകള്‍ കൊണ്ട് സമ്പന്നമാണ് ഇത്തവണയും കഫേ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്. മീന്‍ മുളകിട്ടതും കപ്പയും ബിരിയാണിയുമാണ് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വനിതാ ബേക്ക്‌സ് യൂണിറ്റിലെ സംരംഭകരുടെ വിഭവങ്ങള്‍. വിനായക, സാംജീസ്, കൃഷ്ണ എന്നീ യൂണിറ്റുകളുമായി തിരുവനന്തപുരം ജില്ലയും ഫുഡ്‌കോര്‍ട്ടില്‍ പങ്കെടുക്കുന്നു. അരി, ഗോതമ്പ്, ഫ്രൂട്ട്‌സ്, മിക്‌സഡ് ഫ്രൂട്ട്‌സ് എന്നിവയില്‍ വൈവിധ്യമാര്‍ന്ന രുചികളുമായെത്തുന്ന പായസമേളയുടെ പിന്നണിയില്‍ കൃഷ്ണ യൂണിറ്റ് അംഗങ്ങളാണ്.

നോമ്പുതുറ വിഭവങ്ങളും മലബാര്‍ സ്‌പെഷ്യല്‍ ലഘുഭക്ഷണങ്ങളുമായി കോഴിക്കോട് ജില്ലയിലെ ‘സൗപര്‍ണിക’, കപ്പ ബിരിയാണി, പിടി, കോഴിക്കറി എന്നീ വിഭവങ്ങളുമായി ഇടുക്കി ജില്ലയിലെ ‘യുണീക്’ എന്നീ യൂണിറ്റുകള്‍ ഭക്ഷണപ്രേമികളെ വരവേല്‍ക്കുന്നു. മലപ്പുറം ജില്ലയിലെ അന്നപൂര്‍ണ യൂണിറ്റ് തയ്യാറാക്കുന്ന ചിക്കന്‍ ബിരിയാണി, തേങ്ങാച്ചോറ്, കടായി ചിക്കന്‍, ബീഫ് വിഭവങ്ങളും ഫുഡ്‌കോര്‍ട്ടിന്റെ ആകര്‍ഷണമാണ്. വിവിധ രുചികളില്‍ എട്ടോളം വ്യത്യസ്ത ദോശകളുമായി തൃശൂര്‍ ജില്ലയിലെ ‘കല്യാണി’ യൂണിറ്റും പ്രദര്‍ശന മേളയില്‍ പങ്കെടുക്കുന്നു. കൂടാതെ വനസുന്ദരിയെന്ന സ്‌പെഷ്യല്‍ ചിക്കന്‍ വിഭവമൊരുക്കി അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ ഉള്‍പ്പെടുന്ന ‘കൈരാശി’ യൂണിറ്റും നാല്‍പത്തഞ്ചിലേറെ വ്യത്യസ്ത ജ്യൂസുകള്‍ തയ്യാറാക്കി എറണാകുളം ജില്ലയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ യൂണിറ്റായ ‘അമൃത’യിലെ അംഗങ്ങളും എക്‌സപോയില്‍ സജീവമാണ്.

കേരളത്തില്‍ സരസ് മേളയുള്‍പ്പെടെ സംഘടിപ്പിക്കുന്ന പ്രമുഖ പ്രദര്‍ശന വിപണന മേളകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടുംബശ്രീ സംരംഭകരുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേ നേടുന്നു. കേരള ഗെയിംസ് എക്‌സ്‌പോയുടെ ഫുഡ്‌കോര്‍ട്ടിലും പഞ്ചാബില്‍ നിന്ന് രണ്ടു കഫേ കുടുംബശ്രീ യൂണിറ്റുകളും കര്‍ണാടക, മഹാരാഷ്ട്ര, തെലുങ്കാന, സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ യൂണിറ്റുകളും പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുമായി സന്ദര്‍ശകരെ കാത്തിരിക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ വെണ്ണ ഉപയോഗിച്ചു പാകം ചെയ്യുന്ന മൈസൂര്‍ ദോശയാണ് കര്‍ണാടകയില്‍ നിന്നുള്ള സംരംഭകര്‍ തയ്യാറാക്കുന്ന പ്രത്യേക വിഭവം. കൂടാതെ ഇവരുടേതായി മൈസൂര്‍ ബിരിയാണിയുമുണ്ട്.

ഭക്ഷണ പ്രേമികള്‍ക്ക് മിതമായ നിരക്കില്‍ രുചി വൈവിധ്യങ്ങള്‍ അറിയാനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും കഫേ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. കഫേ കുടുംബശ്രീ അംഗങ്ങളായ എഴുപത് വനിതകള്‍ ഫുഡ്‌കോര്‍ട്ടിന്റെ ഭാഗമാകുന്നു. കുടുംബശ്രീയുടെ തന്നെ യുവശ്രീ സംരംഭമായ ‘ഐഫ്ര’ത്തിനാണ് ഫുഡ്‌കോര്‍ട്ടിന്റെ മേല്‍നോട്ട ചുമതല. മെയ് പത്തു വരെയാണ് ഗെയിംസ് എക്‌സ്‌പോ.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
കുടുംബശ്രീ