ഫ്‌ളൈദുബായ് ചരക്ക് വിമാനങ്ങള്‍ 26 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തി

Posted on: May 14, 2020

കൊച്ചി: ഫ്‌ളൈദുബായ് വിമാനങ്ങള്‍ ജൂണ്‍ നാല് വരെ പതിവ് സര്‍വീസുകള്‍ നിര്‍ത്തിവച്ചെങ്കിലും ചരക്ക് നീക്കത്തിനും വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ അവരുടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു.

ഫ്‌ളൈദുബായ് 26 കേന്ദ്രങ്ങളിലേയ്ക്ക് 276 കാര്‍ഗോ സര്‍വീസുകള്‍ ഈ കാലയളവില്‍ നടത്തി. 12,000-ത്തിലേറെ ആളുകളെ അവരുടെ രാജ്യങ്ങളിലെത്തിച്ചു. മാര്‍ച്ച് 24ന് സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം പതിവ് സര്‍വീസുകള്‍ നിര്‍ത്തി വച്ചതിന് ശേഷമാണ് ഇത്രയും കാര്യങ്ങള്‍ ചെയ്തത്.

1,651,929 കിലോഗ്രാം വരുന്ന പച്ചക്കറികള്‍, ഔഷധങ്ങള്‍, പാഴ് സലുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നിവയാണ് ഫ്‌ളൈദുബായ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. അഫ്ഗാനിസ്ഥാന്‍, അസര്‍ബജാന്‍, ബാംഗ്ലാദേശ്, ക്രൊയേഷ്യ, ഈജിപ്ത്, ജോര്‍ജിയ, ഇറാന്‍, ഇറാഖ്, കുവൈറ്റ്, ക്രിഗിസ്ഥാന്‍, മൈന്‍മാര്‍, പാക്കിസ്ഥാന്‍, റൊമേനിയ, സെര്‍ബിയ, സോമാലിയ, സുഡാന്‍, തായ്‌ലാന്റ്, യുകെ തുടങ്ങിയ 19 രാജ്യങ്ങളിലെക്ക് യുഎഇയില്‍ നിന്ന് ആളുകളെ എത്തിക്കുന്നതിനായി 90 പ്രത്യേക സര്‍വീസുകള്‍ നടത്തി.

വരും ആഴ്ചകളില്‍ ചരക്ക് ഗതാഗതത്തിന് എയര്‍ലൈന്‍ മുന്തിയ പരിഗണന നല്‍കുന്നതാണെന്ന് ഫ്‌ളൈ ദുബായ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ഹമദ് ഒബൈദുള്ള പറഞ്ഞു.

TAGS: Fly Dubai |