ഫ്‌ളൈദുബായ് വീണ്ടും ലാഭത്തില്‍

Posted on: March 6, 2020

കൊച്ചി: 2019 ഡിസംബര്‍ 31ന് അവസാനിച്ച വര്‍ഷത്തില്‍ ഫ്‌ളൈദുബായ് 5.39 കോടി ഡോളര്‍ ലാഭം നേടി. മൊത്തം വാര്‍ഷിക വരുമാനം 160 കോടി ഡോളറാണ്. മുന്‍ വര്‍ഷം ഇത് 170 കോടി ഡോളറായിരുന്നു – 2.6 ശതമാനത്തിന്റെ ഇടിവ്.

ബോയിംഗ് 737 മാക്‌സ് പറത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായത് വരുമാനം കുറയുന്നതിനു പുറമെ എയര്‍ലൈനിന്റെ പല വികസന പദ്ധതികളേയും തകിടം മറിച്ചതായി ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ഘെയ്ത് പറഞ്ഞു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് 11 ബോയിംഗ് 737 മാക്‌സ് 8, മൂന്ന് ബോയിംഗ് 737 മാക്‌സ് 9 എന്നീ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത്. ഇവ സര്‍വീസ് നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ബോയിങ്ങില്‍ നിന്ന് ഫ്‌ളൈദുബായ്ക്ക് നഷ്ട പരിഹാരം ലഭിച്ചെങ്കിലും ബിസിനസ് വളര്‍ച്ച ഉപേക്ഷിക്കേണ്ടി വന്നതുമൂലമുള്ള നഷ്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് വളരെ നിസ്സാരമാണ്.

മേല്‍പറഞ്ഞ എയര്‍ക്രാഫ്റ്റുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കാത്തത് മൂലം സീറ്റുകളുടെ എണ്ണത്തില്‍
15.8 ശതമാനം കുറവ് വന്നെങ്കിലും വരുമാനത്തില്‍ 2.6 ശതമാനം കുറവ് മാത്രമാണുണ്ടായതെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഫ്രാങ്കോയിസ് ഒബര്‍ഹോള്‍സര്‍ പറഞ്ഞു. പല മേഖലകളിലും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെലവ് കുറക്കുകയും ചെയ്യുക വഴിയാണ് ഇത് സാദ്ധ്യമായത്.

TAGS: Fly Dubai |