എക്‌സ്റ്റെന്‍ഡഡ് വാറന്റി പ്ലസുമായി ഹോണ്ട

Posted on: June 7, 2023

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഉപഭോക്താക്കള്‍ക്കായി എക്‌സ്റ്റെന്‍ഡഡ് വാറന്റി പ്ലസ് (ഇഡബ്ല്യുസ്) അവതരിപ്പിച്ചു. 250സിസി വിഭാഗം വരെയുള്ള എല്ലാ സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ മോഡലുകളിലും ഇതിന്റെ ആനുകൂല്യം ലഭിക്കും. വാഹനം വാങ്ങി 91 ദിവസം മുതല്‍ 9 വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഈ എക്‌സ്റ്റെന്‍ഡഡ് വാറന്റി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. സമഗ്രമായ 10 വര്‍ഷത്തെ വാറന്റി കവറേജിന് പുറമേ, ഉടമസ്ഥാവകാശം മാറിയാലും കൈമാറ്റം ചെയ്താലും റിന്യൂവല്‍ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

നിര്‍ണായകമായ ഉയര്‍ന്ന മൂല്യമുള്ള എഞ്ചിന്‍ ഭാഗങ്ങള്‍ക്കും, മറ്റു അവശ്യ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍ക്കും എക്‌സ്റ്റെന്‍ഡഡ് വാറന്റി പ്ലസിലൂടെ സമഗ്രമായ കവറേജ് ലഭിക്കും. ഏഴ് വര്‍ഷമായ വാഹനങ്ങള്‍ക്ക് 3 വര്‍ഷത്തെ പോളിസി, 8 വര്‍ഷമായ വാഹനങ്ങള്‍ക്ക് 2 വര്‍ഷത്തെ പോളിസി, 9ാം വര്‍ഷത്തിലെ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പോളിസി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇഡബ്ല്യു പ്ലസ് തിരഞ്ഞെടുക്കാം. ഈ ഓപ്ഷനുകള്‍ എല്ലാ സ്‌കൂട്ടര്‍ മോഡലുകള്‍ക്കും 120,000 കിലോമീറ്റര്‍ വരെയും, എല്ലാ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ക്കും 130,000 കിലോമീറ്റര്‍ വരെയും കവറേജ് നല്‍കും. എല്ലാ അംഗീകൃത ഹോണ്ട സര്‍വീസ് സെന്ററില്‍ നിന്നും പുതിയ പ്രോഗ്രാം ലഭ്യമാവും.

150സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 1,317 രൂപയും, 150സിസി മുതല്‍ 250സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 1,667 രൂപയുമാണ് വില. വാഹനം വാങ്ങിയ വര്‍ഷത്തെ അടിസ്ഥാനമാക്കി വിലനിര്‍ണയത്തില്‍ വ്യത്യാസമുണ്ടാവും.

ഉടമസ്ഥാവകാശ അനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് തങ്ങളുടെ എക്‌സ്റ്റെന്‍ഡഡ് വാറന്റി പ്ലസ് പ്രോഗ്രാം രൂപകല്പ്പന ചെയ്തിരിക്കുന്നത്. 10 വര്‍ഷം വരെ എക്‌സ്റ്റെന്‍ഡഡ് വാറന്റി കവറേജ് ലഭ്യമാക്കുന്ന വ്യവസായത്തിന്റെ ആദ്യ പ്രോഗ്രാമാണിതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.