ഹോണ്ട ടൂ-വീലര്‍ വില്പന ഓഗസ്റ്റിൽ നാലു ലക്ഷം യൂണിറ്റ് കടന്നു

Posted on: September 3, 2020

കൊച്ചി : ഓഗസ്റ്റ് മാസത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ടൂ-വീലര്‍ വില്പന നാലു ലക്ഷം യൂണിറ്റ് കടന്നു.

ഹോണ്ടയുടെ മൊത്തം വില്പന 4,43,969 യൂണിറ്റായിരുന്നു. ഇതില്‍ 4,28,231 യൂണിറ്റുകള്‍ ആഭ്യന്തര വില്പനയും 15,738 യൂണിറ്റുകള്‍ കയറ്റുമതിയുമായിരുന്നു. സാമ്പത്തിക വര്‍ഷം 2020-21ല്‍ ആദ്യമായാണ് ഹോണ്ടയുടെ വില്പന നാലു ലക്ഷം യൂണിറ്റ് കടക്കുന്നത്. ഒരു ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കുറിച്ചത്.

എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളോടെയും ഉത്പാദനം ഉയര്‍ത്തികൊണ്ടു വരുകയാണ്. 2020 ജൂലൈയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റിൽ 38 ശതമാനം വില്പന വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

ഹോണ്ടയുടെ ആഭ്യന്തര വില്പന തുടര്‍ച്ചയായി മൂന്നാം മാസവും ഒരു ലക്ഷം യൂണിറ്റുകള്‍ വര്‍ധിച്ചു. ജൂണില്‍ 2.02 ലക്ഷമായിരുന്നു. ജൂലൈയില്‍ ഇത് 3.09 ലക്ഷമായി. ഓഗസ്റ്റിൽ  4.28 ലക്ഷമായി.

ഓഗസ്റ്റിൽ 90 ശതമാനം നെറ്റ്വര്‍ക്കുകളും തിരികെ ബിസിനസിലെത്തിയെന്നും ഉപഭോക്താക്കളില്‍ നിന്നും ഉയര്‍ന്ന തോതിലുള്ള അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം ആദ്യമായി വില്പന നാലു ലക്ഷം യൂണിറ്റ് കടന്നെന്നും ഉല്‍സവ കാലത്ത് ഏറ്റവും പുതിയ മോട്ടോര്‍സൈക്കിളായ ഹോര്‍ണറ്റ് 2.0 ഉള്‍പ്പടെയുള്ള 14 മോഡലുകളും ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.