ഹോണ്ട ഏപ്രിലിൽ 2630 ടൂവീലറുകൾ കയറ്റുമതി ചെയ്തു

Posted on: May 3, 2020

കൊച്ചി:   ലോക്ക്ഡൗണിനിടയിലും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഏപ്രിലില്‍ 2630 ടൂവീലറുകള്‍ കയറ്റുമതി ചെയ്തു. ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന ഇല്ലായിരുന്നു. രാജ്യത്തെ നാലു ഉത്പാദന  യൂണിറ്റുകളിലും  ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

അസാധാരണ സാഹചര്യത്തില്‍ ബിസിനസ് തുടര്‍ച്ചയ്ക്കായും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനായും ഹോണ്ട ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്നും പണ ലഭ്യത ഉറപ്പു വരുത്തി ബിസിനസ് പങ്കാളികളുടെ ആകാംക്ഷയ്ക്ക് പരിഹാരം കണ്ടെത്തുകയും ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വീസും വാറണ്ടി കാലാവധിയും രണ്ടു മാസത്തേക്ക് നീട്ടി നല്‍കുകയും ചെയ്‌തെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാർക്കറ്റിംഗ്  ഡയറക്ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ ടോപ് മാനേജ്‌മെന്റ് തലത്തില്‍ മാറ്റം വന്നിയിട്ടുണ്ട്. മിനോരു കാറ്റോയ്ക്കു പകരം അത്‌സുഷി ഒഗാടയായിരിക്കും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റും സിഇഒയും മാനേജിംഗ്  ഡയറക്ടറും. ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനിയിലെ ഓപ്പറേറ്റിംഗ്  എക്‌സിക്യൂട്ടീവ് കൂടിയായിരിക്കും ഒഗാട. വി. ശ്രീധര്‍ സീനിയര്‍ പര്‍ച്ചേസ് ഡയറക്ടറാണ്. യാദ്‌വീന്ദര്‍ സിങ് ഗുലേരിയ, വിനയ് ധിന്‍ഗ്ര എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ഭാഗമായി.

TAGS: Honda |