ഇന്ത്യന്‍ നിര്‍മിത ഡാറ്റ്സണ്‍ കാറുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക്

Posted on: November 9, 2019

കൊച്ചി : നിസ്സാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ആരംഭിച്ചു. ഡാറ്റ്സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി കാറുകളാണ് ചെന്നൈയിലെ പ്ലാന്റില്‍ (റെനോള്‍ട്ട് നിസ്സാന്‍ അലയന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) നിന്നും നിസ്സാന്‍ കയറ്റുമതി ചെയ്യുന്നത്. 4,80,000 യൂണിറ്റ് ശേഷിയുള്ള ഈ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും അംഗീകരിക്കപ്പെട്ടതാണ്.

2010 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ 880,000 കാറുകള്‍ നിസ്സാന്‍ രാജ്യത്തു നിന്നും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ നിസ്സാന്‍ ദക്ഷിണാഫ്രിക്കയിലേക്കും സബ് സഹാറന്‍ രാജ്യങ്ങളിലേക്കും നേപ്പാളിലേക്കും കയറ്റുമതി ചെയ്യുന്നു.

അടുത്തിടെ പുറത്തിറക്കിയ സിവിടി സൗകര്യമുള്ള ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ കാറുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും റെനോള്‍ട്ട് നിസ്സാന്‍ അലയന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ബിജു ബാലേന്ദ്രന്‍ പറഞ്ഞു. ആഗോളതലത്തില്‍ ഇന്ത്യയെ പ്രധാന നിര്‍മാണകേന്ദ്രമാക്കി വളര്‍ത്തിയെടുക്കാനുള്ള നിസ്സാന്റെ ശ്രമങ്ങള്‍ക്കുള്ള ഉറപ്പാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Datsun Cars |