15 % അധിക ഇന്ധനക്ഷമതയുമായി പുതിയ ഓൾട്ടോ കെ 10

Posted on: November 4, 2014

Alto-K-10-new-big

മാരുതി സുസുക്കി കൂടുതൽ ഇന്ധനക്ഷമതയുള്ള പുതുതലമുറ ഓൾട്ടോ കെ-10 വിപണിയിലിറക്കി. ഏറെ ആകർഷകമായ യുവത്വം തുളുമ്പുന്ന രൂപകല്പനയോടെ വിപണിയിലെത്തുന്ന ഓൾട്ടോ കെ10 ലിറ്ററിന് 24.07 കിലോമീറ്റർ വരെ മൈലേജ് ലഭ്യമാകും. നിലവിലുള്ള മോഡലിനേക്കാൾ 15 ശതമാനം അധികമാണ് പുതിയ ഓൾട്ടോയുടെ ഇന്ധനക്ഷമത. ഇന്റലിജന്റ് ഗ്യാസ് പോർട്ട് ഇൻജക്ഷനോടെ പുതിയതായി അവതരിപ്പിക്കുന്ന സിഎൻജി മോഡലിന് സിഎൻജി മോഡിൽ കിലോഗ്രാമിന് 32.26 കിലോമീറ്റർ മൈലേജ് ലഭിക്കും.

ഉയരവും വീതിയും ഉൾഭാഗത്തെ വിസ്തീർണവും വർധിപ്പിച്ചാണ് പുതിയ ഓൾട്ടോ നിരത്തിലിറങ്ങുന്നത്. എൻജിനും ഇന്ധനക്ഷമതയും ഏറെ പരിഷ്‌കരിച്ചാണ് പുതിയ കാർ അവതരിപ്പിക്കുന്നത്. മികച്ച ഇന്ധനക്ഷമതയോടെ ഓട്ടോ ഗിയർ ഷിഫ്റ്റ് ലഭ്യമാക്കുന്നത് സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിലൂടെയാണ്. സിഎൻജി അടക്കം ആറ് വേരിയന്റുകളിലായി പുറത്തിറക്കുന്ന ഓൾട്ടോ കെ 10 കൂടുതൽ കാറുകൾ വിറ്റഴിക്കാൻ മാരുതിയെ സഹായിക്കും.

ഹുഡിൽ വീതിയേറിയ കുറുകെയുള്ള ലൈനുകളും 3ഡി രൂപത്തിലുള്ള വളവോടുകൂടിയ ബോണറ്റും ഏറെ ആകർഷകമാണ്. എടുത്തു നിൽക്കുന്ന ബംപറും ഗ്രില്ലിലെ ക്രോമും സ്‌റ്റൈലാർന്ന ഹെഡ് ലാംപുകളും പുതിയ ഓൾട്ടോ കെ 10 ന് ഊർജ്ജസ്വലത പകരുന്നു.

വശങ്ങളിലുടനീളമുള്ള എയ്‌റോഡൈനാമിക് ഷോൾഡർ ലൈനുകൾ മുന്നോട്ടു കുതിക്കുന്ന തോന്നലുണ്ടാക്കും. ബോഡി കളേർഡ് ഒആർവിഎം, സൈഡ് ബോഡി മോൾഡിംഗ്, ബോഡി കളേർഡ് ഡോർ ഹാൻഡിൽസ്, ബി-പില്ലർ ബ്ലാക്ക് ഔട്ട് ടേപ് എന്നിവ പ്രത്യേകതയാണ്. വിസ്തൃതമായ പിൻഭാഗം, വെഡ്ജ്ഡ് പ്രൊഫൈൽ, ഇൻക്ലൈൻഡ് വിൻഡോസ് തുടങ്ങിയ സവിശേഷതകളുമുണ്ട്.

പുതിയ ഓൾട്ടോയുടെ ഉൾവശങ്ങളും ഏറെ ആകർഷകമാണ്. ഫ്‌ളോയിംഗ് വളവുകളും എനർജറ്റിക് ലൈനുകളും കൂടുതൽ വിസ്തൃതമായ രൂപം നല്കുന്നു. ഗ്രാഫിക്‌സുകളും പ്രത്യേക ഫിനിഷുകളും ആഡംബരം തോന്നിപ്പിക്കുന്നതാണ്. അപ്‌ഹോൾസ്റ്ററിയും കളർ സ്‌കീമുകളും ഏറെ ആകർഷകമാണ്.

ക്ലാസി ഇൻസ്ട്രമെന്റ്  പാനൽ, സ്‌പോർട്ടി സ്പീഡോമീറ്റർ, പുതിയതായി രൂപകല്പന ചെയ്ത 3-സ്‌പോക്ക് സ്റ്റീയറിംഗ് വീൽ, ഡ്യൂവൽ ടോൺ ഇന്റീരിയർ, സിൽവർ ഗാർണിഷ്ഡ് ഡോർ ട്രിം, എസി ല്യൂവേഴ്‌സ്, ഗിയർ ഷിഫ്റ്റ് ബെസൽ, പുതിയ പ്രീമിയം പിയാനോ ബ്ലാക്ക് ഫിനിഷ് ഓഡിയോ, കീലെസ് എൻട്രി സംവിധാനം, അകത്തുനിന്ന് ക്രമീകരിക്കാവുന്ന പുറത്തുള്ള മിറർ, അക്‌സസറി സോക്കറ്റ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, കീ ഓഫ് റിമൈൻഡർ, ഹെഡ്‌ലാംപ് വാണിംഗ് ബസർ, ഡിജിറ്റൽ ക്ലോക്ക്, ഫ്രണ്ട് പവർ വിൻഡോസ് എന്നിവയും പുതിയതായി രൂപകല്പന ചെയ്തവയാണ്.

കുറഞ്ഞ സ്ഥലത്ത് മികച്ച രീതിയിൽ രൂപകല്പനയിലെ വൈഭവം ഉപയോഗപ്പെടുത്തി സജ്ജീകരിച്ചവയാണ് ഡാഷ്‌ബോർഡ്. സെന്റർ കൺസോൾ സ്‌റ്റോറേജ് ബോക്‌സ്, കൊയിൻ, ടിക്കറ്റ് ഹോൾഡർ, ഐപി യൂട്ടിലിറ്റി ഹുക്ക്, ഫ്രണ്ട് കൺസോൾ ഡ്യുവൽ കപ് ഹോൾഡർ, റിയർ പാഴ്‌സൽ ട്രേ, ഫ്രണ്ട് ഡോർ ട്രിം പോക്കറ്റ്, ഐപി അപ്പർ ട്രേ, റിയർ കൺസോൾ ബോട്ടിൽ ഹോൾഡർ എന്നിവ ഏറെ ഉപയോഗപ്രദമാണ്.

15 എംഎം അധിക ഉയരവും വീതിയും പുതിയ ഓൾട്ടോ കെ 10 ന് കൂടുതൽ എടുപ്പു നല്കും. 1475 എംഎം ഉയരവും 1490 എംഎം വീതിയുമാണ് പുതിയ മോഡലിന്. കൂടുതൽ ഹെഡ് റൂം, ലെഗ് റൂം എന്നിവയുണ്ട്. പിൻസീറ്റിലെ യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂം ലഭിക്കുന്നതിനായി സീറ്റുകൾ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു.

998 സിസിയിൽ വിപ്ലവകരമായ കെ-നെക്സ്റ്റ് ഓൾ അലൂമിനിയം ലൈറ്റ് വെയ്റ്റ് എൻജിനാണ് ഓൾട്ടോ കെ10-ന്റേത്. നഗരത്തിലും ഹൈവേകളിലും സുഖകരമായ ഡ്രൈവിംഗിന് കെ-നെക്‌സ്റ്റ് എൻജിൻ സഹായിക്കും. പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ 5.3 സെക്കൻഡുകൾ മതിയാകും. 6000 ആർപിഎമ്മിൽ 68 പിഎസ് വരെ പരമാവധി പവറും 3500 ആർപിഎമ്മിൽ 90 എൻഎം ടോർക്കും ലഭ്യമാക്കുന്നതാണ് പുതിയ ഓൾട്ടോ.

ഡിറ്റന്റ് പിൻ ടെക്‌നോളജി (ഡിപിറ്റി), ഡയഗണൽ ഷിഫ്റ്റ് അസിസ്റ്റ് (ഡിഎസ്എ) എന്നീ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന പുതിയ തലമുറ മാനുവൽ ട്രാൻസ്മിഷനാണ് പുതിയ ഓൾട്ടോ കെ 10 ലുള്ളത്. മികച്ച ഡ്രൈവും ഇന്ധനക്ഷമതയും ലഭ്യമാക്കുന്നതിനായി ഗിയർ റേഷ്യോകൾ ഓപ്റ്റിമൈസ് ചെയ്തിരിക്കുന്നു. തിരക്കേറിയ ട്രാഫിക്കിൽ പോലും സുഖകരമായ ഡ്രൈവിംഗിന് ഓട്ടോ ഗിയർ ഷിഫ്റ്റ് ട്രാൻസ്മിഷൻ സഹായിക്കും.

ഡ്രൈവിംഗ് എളുപ്പമാക്കുന്നതിനായി കനംകുറഞ്ഞ സ്റ്റീയറിംഗാണ്. മികച്ച റൈഡിനും കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനും ഗ്യാസ് നിറച്ച ഡാംപേഴ്‌സ് സഹായിക്കുന്നു. ബ്രേക്ക് പെഡൽ ഉപയോഗിക്കുന്നതിനുള്ള എല്ലാ പ്രയാസവും നീക്കിയാണ് പുതിയ േ്രബക്കുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.

എയ്‌റോഡൈനാമിക് സ്‌റ്റൈലിംഗും ഘർഷണവും കുറയ്ക്കാനുള്ള പരിശ്രമങ്ങളും പുതിയ തലമുറ ഓൾട്ടോ കെ 10 പെട്രോൾ കാറിന്റെ ഇന്ധനക്ഷമത 15 ശതമാനം വരെ വർധിപ്പിക്കാൻ സഹായിച്ചു. ഉയർന്ന ടെൻസൈൽ ശക്തിയുള്ള സ്റ്റീൽ, പുതിയ രൂപകല്പനയിലൂടെയും ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചും എൻജിൻ യൂണിറ്റിന്റെ ഭാരം കുറച്ചതും കാറിന്റെ ആകെ ഭാരം കുറയ്ക്കാൻ സഹായകമായി. കുറഞ്ഞ വിസ്‌കോസിറ്റിയുള്ള എൻജിൻ ഓയിലും കുറഞ്ഞ ഡ്രാഗ് മാത്രമുള്ള ബ്രേക്ക് കാലിപ്പറുകളും ഘർഷണം കുറയ്ക്കും. കൃത്യതയാർന്ന ത്രോട്ടിൽ നിയന്ത്രണം ഇന്ധനക്ഷമത വർധിപ്പിക്കാൻ ഉപകരിക്കുന്നു.

മാക്‌ഫേഴ്‌സൺ സ്ട്രട്ട് സസ്‌പെൻഷനും കോയിൽ സ്പ്രിംഗുകളും, ഫ്രണ്ട് ഫോഗ് ലാംപുകളും സീറ്റ് ബെൽറ്റ് ഇൻഡിക്കേറ്ററുകളും, 3 പോയിന്റ് ഇഎൽആർ സീറ്റ് ബെൽറ്റും, കീ ഓഫ് റിമൈൻഡറും ഹൈ മൗണ്ട് സ്റ്റോപ് ലാംപും ഹെഡ് ലാംപ് ലെവലിംഗും പുതിയ തലമുറ ഓൾട്ടോ കെ 10 ന്റെ പ്രത്യേകതകളാണ്.

ഡ്യൂവൽ ഇന്റീരിയർ കളർ സ്‌കീമാണ് പുതിയ ഓൾട്ടോയ്ക്ക്. മെറ്റാലിക് ഫിനിഷോടുകൂടിയ ടാൻഗോ ഓറഞ്ചാണ് സിഗ്നേച്ചർ കളർ. ഫയർ ബ്രിക്ക് റെഡ്, ഗ്രാനൈറ്റ് ഗ്രേ, സിൽക്കി സിൽവർ, സെറൂലിയൻ ബ്ലൂ, സൂപ്പീരിയർ വൈറ്റ് എന്നിങ്ങനെ ആകെ ആറ് നിറങ്ങളിൽ ഓൾട്ടോ കെ-10 ലഭ്യമാകും.

വില

എൽഎക്‌സ്- 3,22,282, എൽഎക്‌സ്‌ഐ- 3,38,248, വിഎക്‌സ്‌ഐ- 3,54,598, വിഎക്‌സ്‌ഐ-ഓപ്ഷണൽ 3,73,871 എന്നിങ്ങനെയാണ് വിവിധ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകളുടെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. 3,97,789 രൂപയാണ് വിഎക്‌സ്‌ഐ ഓട്ടോ ഗിയർ ഷിഫ്റ്റ് മോഡലിന്റെ വില.