പുതിയ മഹീന്ദ്ര സ്‌കോർപ്പിയോ വിപണിയിൽ

Posted on: September 30, 2014

New-Scorpio-Kerala-Launch-b

മഹീന്ദ്ര സ്‌കോർപ്പിയോയുടെ പുതുക്കിയ മോഡൽ കേരള വിപണിയിലെത്തി. പുത്തൻ പ്ലാറ്റ്‌ഫോമിൽ കാലത്തിനൊത്ത ഇന്റീരിയറുമായാണ് പുതിയ സ്‌കോർപ്പിയോ എത്തുന്നത്.

നീല – ചാര നിറം തുളുമ്പുന്ന ഇന്റീരിയറിനൊപ്പം ആഡംബരം ചോരാതെ സാങ്കേതികത പൂർണമായും പുതുക്കിയാണ്   മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്‌കോർപ്പിയോയുടെ പുതുതലമുറ മോഡൽ അവതരിപ്പിക്കുന്നത്. എസ് ടു വേരിയന്റിന് 8.43 ലക്ഷമാണ് കൊച്ചിയിലെ ഷോറൂം വില.

120 പി എസ് കരുത്തും 280 എൻ എം ടോർക്കും നല്കുന്ന എംഹോക്ക് എൻജിനാണ് സ്‌കോർപ്പിയോയുടെ പ്രത്യേകത. 2.2 ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്.

New-Scorpio-Interior-big

ഏത് റോഡ് സാഹചര്യത്തിനും ഇണങ്ങുന്നവിധമാണ് ട്രാൻസ്മിഷൻ പുതുക്കിയിട്ടുള്ളത്. കുഷൻ ടൈപ്പ് സസ്‌പെൻഷനും ആന്റി റോൾ സാങ്കേതികത്വവും ഡ്രൈവിംഗ് കൂടുതൽ അനായാസമാക്കും. കൂടിയ കുഷ്യനിങ്ങും മെച്ചപ്പെട്ട ഷോക് അബ്‌സോർബറും പ്രയാസമേറിയ റോഡുകളിലും യാത്രാസുഖം നല്കും. 5.4 മീറ്ററാണ് ടേണിംഗ് റേഡിയസ്.

ഫോർ ഇന്റു ഫോർ ഓപ്ഷനും ലഭ്യമാണ്. ഏഴ്, എട്ട്, ഒമ്പത് സീറ്റുകളിൽ സ്‌കോർപ്പിയോ പുറത്തിറക്കിയിട്ടുണ്ട്. ഡയമണ്ട് വൈറ്റ്, ഫയറി ബ്ലാക്ക്, മിസ്റ്റ് സിൽവർ, ന്യൂ മോൾട്ടൻ റെഡ്. ന്യൂ റീഗൽ ബ്ലൂ തുടങ്ങി അഞ്ച് ആകർഷക നിറങ്ങളിൽ ലഭ്യമാണ്. എസ് ടു, എസ് ഫോർ, എസ് ഫോർ പ്ലസ്, എസ് സിക്‌സ്, എസ് സിക്‌സ് പ്ലസ്, എസ് എയ്റ്റ്, എസ് ടെൻ എന്നീ ഏഴ് വേരിയന്റുകളും സ്‌കോർപ്പിയോയ്ക്കുണ്ട്.

ഏറ്റവും പുതിയ സ്റ്റാറ്റിക് ബെൻഡിങ്ങ് സാങ്കേതികത്വത്തോടുകൂടിയ ഡ്യൂവൽ പ്രോജക്ടർ ഹെഡ്‌ലാമ്പ്, പ്രീമിയം ക്രോം ഗ്രിൽ, ഹൈടെക് എൽ ഇ ഡി ടെയിൽ ലാമ്പ്, 17 ഇഞ്ച് അലോയ് വീൽ, പുതിയ റാപ്പ് എറൗണ്ട് ബോണറ്റ്, സിൽവർ സ്‌കിഡ് പ്ലേറ്റോടുകൂടിയ ബംബർ, പുതിയ ഫോഗ് ലാംബ്, സിൽവർ എംബോസിങോടുകൂടിയ സൈഡ് ക്ലാഡിങ് തുടങ്ങിയവ സ്‌കോർപ്പിയോയ്ക്ക് കൂടുതൽ പുതുമ നല്കുന്നുണ്ട്.

ജി പി എസ് സഹിതമുള്ള ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇന്ധനം ലാഭിക്കാൻ സഹായിക്കും വിധം എൻജിൻ പ്രവർത്തിക്കേണ്ട ആവശ്യമില്ലാത്തപ്പോൾ സ്റ്റാൻഡ് ബൈയിലേക്ക് മാറാനുള്ള മൈക്രോ ഹൈബ്രിഡ് സാങ്കേതികത്വം, റെയിൻ ആൻഡ് ലൈറ്റ് സെൻസർ, ടയർ പ്രഷറും ടെമ്പറേച്ചറും അറിയിക്കാനുള്ള സംവിധാനം, റിവേഴ്‌സ് പാർക്കിങ്ങിന് സഹായിക്കുന്ന നാല് സെൻസറുകൾ, ഡോർ, സീറ്റ് ബൽറ്റ്, ബ്രേക്ക് ഫ്‌ല്യൂയിഡ്, ഇന്ധനം, തുടങ്ങിയവക്ക് മുന്നറിയിപ്പ് നല്കാനുള്ള വോയ്‌സ് അസിസ്റ്റ് സിസ്റ്റം എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതയാണ്.

2002 ൽ സ്‌കോർപ്പിയോ അവതരിപ്പിച്ച ശേഷം ഇതിനോടകം 4.5 ലക്ഷം യൂണിറ്റുകൾ വില്പന നടത്തിയതായി കമ്പനി ഓട്ടോമോട്ടീവ് വിഭാഗത്തിന്റെയും ഇന്റർനാഷണൽ ഓപറേഷന്റെയും ചീഫ് എക്‌സിക്യൂട്ടീവ് പ്രവീൺ ഷാ പറഞ്ഞു.

പുത്തൻ തലമുറ പ്ലാറ്റ്‌ഫോമും സ്‌റ്റൈലും പുതിയ ഇന്റീരിയറും ട്രാൻസ്മിഷനും സ്‌കോർപ്പിയോ മോഡലിനെ കൂടുതൽ പ്രിയപ്പെട്ടതാക്കുമെന്ന് കമ്പനി ഓട്ടോമോട്ടീവ് വിഭാഗം സെയിൽസ് ആൻഡ് കസ്റ്റമർ കെയർ സീനിയർ വൈസ് പ്രസിഡന്റ് വിജയ് നക്ര അറിയിച്ചു.