മഹീന്ദ്ര എക്‌സ്‌യുവി 300 ബുക്കിംഗ് ആരംഭിച്ചു

Posted on: January 12, 2019

മുംബൈ : മഹീന്ദ്ര എക്‌സ്‌യുവി 300 ബുക്കിംഗ് ആരംഭിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. രാജ്യമെങ്ങുമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും എക്‌സ്‌യുവി 300 ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എക്‌സ്‌യുവി 300 ലഭിക്കും. ഡീസല്‍ എന്‍ജിന്‍ 300 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ 200 എന്‍എം ടോര്‍ക്കും ആയിരിക്കും.
മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും തുടക്കത്തില്‍ നല്കുന്നത്. 

ഫണ്‍ ഡ്രൈവ് പെര്‍ഫോര്‍മന്‍സ് നല്കുന്നതോടൊപ്പം ഏഴ് എയര്‍ബാഗുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഈ വിഭാഗത്തിലെ പുതിയ ഫീച്ചറുകളായിരിക്കും എന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ സെയില്‍സ് & മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി വീ ജെ റാം നക്ര അറിയിച്ചു.

മറ്റൊരു പുതുമ ഡ്രൈവറുടെ കാല്‍മുട്ടിനു വേണ്ടിയുള്ള എയര്‍ബാഗുകളാണ്. എയര്‍ബാഗുകള്‍, എബിഎസ്, നാലു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്റേര്‍ഡായി ലഭിക്കും. മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയുടെ വീതിയും നീളമേറിയ വീല്‍ബേസും ഈ വിഭാഗത്തിലെ മികച്ചതായിരിക്കും. അഞ്ച് മുതിര്‍ന്നവര്‍ക്ക് സുഖമായി യാത്രചെയ്യുന്നതിന് വേണ്ട സ്ഥലസൗകര്യം ഇതോടെ ലഭിക്കും. പ്രീമിയം ലെതറെറ്റ് സീറ്റുകള്‍, ഡ്യുവല്‍ ടോണ്‍ ഡാഷ് ബോര്‍ഡ്, ഇലക്ട്രിക് സണ്‍റൂഫ് എന്നിവ എസ്‌യുവിയുടെ സവിശേഷതകളായിരിക്കും.

മഹീന്ദ്ര എക്‌സ്‌യുവി 500 എസ്‌യുവിയുടെ സ്റ്റൈലിംഗ് പ്രചോദനമുള്‍ക്കൊണ്ടാണ് എക്‌സ്‌യുവി 300 വിപണിയിലെത്തുന്നത്. ഡബ്ല്യു 4, ഡബ്ല്യു 6, ഡബ്ല്യു 8 എന്നീ മൂന്ന് വേരിയന്റുകളിലും ഡബ്ല്യു 8 (ഒ) എന്ന ഓപ്ഷണല്‍ വേരിയന്റില്‍ അധിക സാങ്കേതിക സുരക്ഷാ സംവിധാനങ്ങളോടെ മഹീന്ദ്ര എക്‌സ്‌യുവി 300 ലഭിക്കും.