15.75 ലക്ഷത്തിന്റെ ബൈക്കുമായി ട്രയംഫ്

Posted on: September 19, 2014

Triumph-motorcycles-thunder

ട്രയംഫ് മോട്ടർസൈക്കിൾസ് 15.75 ലക്ഷം രൂപ (എക്‌സ്‌ഷോറൂം ഡൽഹി) വിലയുള്ള പ്രീമിയം ക്ലാസിക് ക്രൂയിസർ ബൈക്ക് – തണ്ടർബേഡ് എൽടി വിപണിയിലിറക്കി. 1699 സിസി ഇരട്ട എൻജിനുള്ള തണ്ടർബേഡ് കുറഞ്ഞ ഗിയർഷിഫ്റ്റിംഗിൽ മികച്ച പെർഫോമൻസ് നൽകുമെന്ന് ട്രയംഫ് മാനേജിംഗ് ഡയറക്ടർ വിമൽ സംബ്ലി പറഞ്ഞു. എട്ടു വാൽവുകളുള്ള എൻജിൻ 5,400 ആർപിഎമ്മിൽ 94 പിഎസ് പവറും 3550 ആർപിഎമ്മിൽ 151 എൻഎം ടോർക്കും പ്രദാനം ചെയ്യും.

ബ്രിട്ടീഷ് ക്രൂയിസ് ബൈക്കു നിർമാതാക്കളായ ട്രയംഫ് കഴിഞ്ഞ പത്തുമാസത്തിനുളളിൽ 835 ബൈക്കുകളാണ് എട്ടു ഡീലർഷിപ്പുകളിലൂടെ വിറ്റഴിച്ചത്. 5.85 ലക്ഷം മുതൽ 18.15 ലക്ഷം വരെയാണ് ട്രയംഫ് ബൈക്കുകളുടെ ഡൽഹിയിലെ എക്‌സ്‌ഷോറൂം വില. കേരളത്തിൽ കൊച്ചിയിലെ ശ്യാമ ഡൈനാമിക് മോട്ടർസൈക്കിൾസാണ് ട്രയംഫ് ഡീലർഷിപ്പ്.