ബൈക്ക് ഫെസ്റ്റിവൽ

Posted on: September 13, 2014

BFI-Mumbai-big

ബൈക്ക് യാത്രികർക്ക് സുരക്ഷാബോധവത്കരണം നടത്താൻ ബൈക്ക് ഫെസ്റ്റിവൽ ഓഫ് ഇന്ത്യ. ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സേഫ്റ്റി റൈഡും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണിയാണ് ബൈക്ക് ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ അംബാസഡർ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ബൈക്ക് റാലി ഓഗസ്റ്റ് 31 ന് ക്രിക്കറ്റ്താരം ഇശാന്ത് ശർമയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

30 ദിവസത്തിനുള്ളിൽ 8,170 കിലോമീറ്റർ സഞ്ചരിക്കുകയാണ് ബൈക്ക് സുരക്ഷാ റാലിയുടെ ലക്ഷ്യം. ന്യൂഡൽഹി, ജയ്പൂർ, അജ്മീർ, പൂനെ, ബാംഗലുരു, ഊട്ടി തുടങ്ങിയ ഒട്ടേറെ നഗരങ്ങളിൽ റാലി പര്യടനം നടത്തി. സുരക്ഷിത ബൈക്കിംഗ്, ഹെൽമറ്റിന്റെ അനിവാര്യത എന്നിവയെപ്പറ്റി റാലി അംഗങ്ങൾ സുരക്ഷാ ബോധവത്കരണ പരിപാടികളും നടത്തുകയുണ്ടായി. ദേശീയ ബൈക്ക് സുരക്ഷാറാലി സെപ്റ്റംബർ 29 ന് സമാപിക്കും.

വിവിധ തരത്തിലുള്ള ട്രയംഫ് മോട്ടോർ സൈക്കിളുകളാണ് റാലിയിലുള്ളത്. രാഹുൽശർമ, രോഹൻമോംഗ, ജസ്പ്രീത് ഐഡൻ, ആർ.വെങ്കട്ടരാമൻ, പ്രതീഷ് അംബേക്കർ, സുനിൽ ഗുപ്ത എന്നീ പുരുഷന്മാരും, ശീതൾ ബിദായി, ഉർവശി പടോലെ, അഞ്ജലി രാജൻ എന്നീ വനിതകളും റാലി ടീമിൽ ഉൾപ്പെടുന്നു.

3,000 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞദിവസം ബൈക്ക് ഫെസ്റ്റിവൽ ഓഫ് ഇന്ത്യ റാലി കൊച്ചിയിലെത്തി. കൊച്ചിയിൽ ട്രയംഫ് മോട്ടോർ സൈക്കിൾ ഷോറൂമിൽ ബൈക്ക് റാലി ടീമിന് വൻവരവേൽപ്പാണ് നൽകിയത്. റാലിയുടെ ഔദ്യോഗിക സേഫ്റ്റി റൈഡ് പാർട്ണർമാരാണ് ട്രയംഫ് മോട്ടോർ സൈക്കിൾസ്.

എന്നാൽ ബൈക്ക് ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഒക്‌ടോബർ 4, 5 തീയതികളിൽ ന്യൂഡൽഹി, ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് അരങ്ങേറുക. ബൈക്ക് കമ്പക്കാരനും എം.എസ്. ധോണിയുടെ എല്ലാ സൂപ്പർ ബൈക്കുകളും ഫെസ്റ്റിവലിൽ അവതരിപ്പിക്കും. ദക്ഷിണേഷ്യയിലെ ഏക ഹെൽകാറ്റ് ബൈക്കിന്റെ ഉടമയാണ് ധോണി.