അമിയോ

Posted on: February 2, 2016

Volkswagen-Ameo-Big-a

ഇന്ത്യയ്ക്ക് വേണ്ടി വോക്‌സ്‌വാഗൻ വികസിപ്പിച്ചെടുത്ത ലക്ഷണമൊത്ത കാറാണ് അമിയോ. അടുത്തറിയുമ്പോൾ ആരും അമിയോയെ ഇഷ്ടപ്പെട്ടു പോകും. അമോ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് അനുയോജ്യമായൊരു സെഡാൻ, അതും താങ്ങാവുന്ന വിലയ്ക്ക് – അമിയോയിലൂടെ വോക്‌സ്‌വാഗൻ ലക്ഷ്യമിടുന്നതും അതു തന്നെയാണ്. ജനപ്രിയ മോഡലുകളിലൂടെ ബിസിനസ് വോള്യം വർധിപ്പിക്കുന്ന ജപ്പാൻ കാർ കമ്പനികളുടെ തന്ത്രം ഉൾക്കൊള്ളാൻ വോക്‌സ്‌വാഗൻ അല്പം വൈകി.

നാല് മീറ്ററിൽ താഴെ നീളമുള്ള കോംപാക് ട് സെഡാനായ അമിയോ 2016 ന്റെ രണ്ടാംക്വാർട്ടറിൽ വിപണിയിൽ ലഭ്യമാകും. അമിയോയുടെ വില ഔദ്യോഗികമായി വില പ്രഖ്യാപിച്ചിട്ടില്ല. വിലയിലും സവിശേഷതകളിലും എതിരാളികൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകാനാണ് അമിയോയിലൂടെ വോക്‌സ്‌വാഗൻ ലക്ഷ്യമിടുന്നത്. ഒരു പ്രീമിയം ഹാച്ച് ബാക്കിന്റെ സൗന്ദര്യം ചോരാതെയാണ് പോളോ പ്ലാറ്റ്‌ഫോമിൽ അമിയോ ഡിസൈൻ ചെയ്തിട്ടുള്ളത്. പോളോയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രിലും ഹെഡ് ലാമ്പുകളുമാണ് അമിയോയിലുള്ളത്. കറുപ്പും ബീജും ഇടകലർന്ന ഡ്യുവൽടോൺ ഇന്റീരിയർ.

റെയിൻ സെൻസിംഗ് വൈപ്പർ, ക്രൂയിസ് കൺട്രോൾ, ടച്ച് സ്‌ക്രീൻ മൾട്ടിമീഡിയ മ്യൂസിക് സിസ്റ്റം വിത്ത് മിറർ ലിങ്ക്, ഐ-പോഡ് കണക്ടിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺ്‌ട്രോൾ, കൂൾഡ് ഗ്ലൗ ബോക്‌സ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ടിൽറ്റ് & ടെലിസ്‌കോപിക് സ്റ്റീയറിംഗ് വീൽ, പിൻസീറ്റ് യാത്രക്കാർക്കായി റിയർ എസി വെന്റുകൾ, 16 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ സവിശേഷതകൾ അമിയോയ്ക്കുണ്ട്.

മുൻ സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി എല്ലാ വേരിയന്റുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) എല്ലാ മോഡലുകളിലുമുണ്ട്.

1.2 ലിറ്റർ പെട്രോൾ എൻജിൻ (3 സിലിണ്ടർ എംപിഐ) 5400 ആർപിഎമ്മിൽ 74 ബിഎച്ച്പി കരുത്തും 3750 ആർപിഎമ്മിൽ 110 എൻഎം ടോർക്കും നൽകും. 1.5 ലിറ്റർ (4 സിലിണ്ടർ ടിഡിഐ) ഡീസൽ എൻജിൻ 4200 ആർപിഎമ്മിൽ 89 ബിഎച്ച്പി കരുത്തും 1500-2500 ആർപിഎമ്മിൽ 230 എൻഎം ടോർക്കും പ്രദാനം ചെയ്യും. 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ഇരു മോഡലുകളിലുമുള്ളത്. വൈകാതെ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേർഷനും ലഭ്യമാകും.

പെട്രോൾ എൻജിൻ ലിറ്ററിന് 16 കിലോമീറ്ററും ഡീസൽ എൻജിൻ ലിറ്ററിന് 20 കിലോമീറ്ററും മൈലേജ് നൽകുമെന്നാണ് സൂചന.

ലിപ്‌സൺ ഫിലിപ്പ്‌