ഡച്ച് ടൂറിസം മേളയിൽ ആകർഷണമായി കേരളം

Posted on: January 20, 2017

തിരുവനന്തപുരം : നെതർലാൻഡ്‌സിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയിലെ പ്രധാന ആകർഷണമായി കേരളാ ടൂറിസം പവിലിയൻ. ഡച്ച് നഗരമായ ഉത്രെക്റ്റിൽ എല്ലാ വർഷവും ജനുവരി രണ്ടാംവാരം നടക്കുന്ന വാകൻഡിബ്യൂഴ്‌സ് മേളയിൽ ആദ്യമായാണ് കേരളത്തിന്റെ പങ്കാളിത്തം ഉണ്ടാവുന്നത്.

ജനുവരി 10 മുതൽ 15 വരെ നടന്ന വാകൻഡിബ്യൂഴ്‌സ് 2017 പതിപ്പിൽ പങ്കെടുത്തവരിൽനിന്ന് 2018-19 വർഷങ്ങളിലേക്കായി കേരളം സന്ദർശിക്കുന്നത് സംബന്ധിച്ച നിരവധി അന്വേഷണങ്ങളാണെത്തിയത്. കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനമാണ് നെതർലാൻഡ്‌സിനുള്ളതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 2015 ൽ 22,276 ഡച്ച് പൗരന്മാരാണ് കേരളം സന്ദർശിച്ചത്. 2010 നെ അപേക്ഷിച്ച് 40 ശതമാനം വിപണി വളർച്ചയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ലോ ഡൗൺ ഇൻ ഗോഡ്‌സ് ഓൺ കൺട്രി എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് കേരളാ ടൂറിസത്തിന്റെ പവിലിയൻ ഒരുക്കിയിരുന്നത്. കായലോര ഗ്രാമദൃശ്യങ്ങളും ആയൂർവേദ സൗഖ്യചികിത്സകളും ഉൾപ്പെടെ കേരളത്തിന്റെ വിശ്രമ-വിനോദ സവിശേഷതകൾ പ്രദർശനത്തിനെത്തി.

നെതർലാൻഡ്‌സിലെ ഇന്ത്യൻ സ്ഥാനപതി ജെ.എസ്. മുകുൾ, ഉത്രെക്റ്റ് മേയർ ജെ.എച്ച്.സി വാൻ സീൻ എന്നിവർ കേരള പവിലിയൻ സന്ദർശിച്ചിരുന്നു. കേരള സംഘത്തെ കേരള ടൂറിസം മാർക്കറ്റിംഗ് ഡെപ്യൂട്ടി ഡയറക്ടർ അനിൽ വി.എസ്. നയിച്ചു. കേരള ടൂറിസത്തിനൊപ്പം കുമരകം ലേക്ക് റിസോർട്ട്, പയനിയർ പേഴ്‌സണലൈസ്ഡ് ഹോളിഡേയ്‌സ്, സ്‌പൈസ്‌ലാൻഡ് ഹോളിഡേയ്‌സ് എന്നിവരും പങ്കെടുത്തു.