ആഭ്യന്തര – വിദേശ ടൂറിസം പാക്കേജുകളുമായി ഐആർസിടിസി

Posted on: August 5, 2015

PANCHA-PUNYA-YATRA-big

തിരുവനന്തപുരം : കുറഞ്ഞ ചെലവിൽ ആഭ്യന്തര-വിദേശ വിനോദയാത്രകൾ നടത്തുന്നതിനുള്ള പാക്കേജുകൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) അവതരിപ്പിച്ചു. ഓഗസ്റ്റ് ഒമ്പതിന് പഞ്ചപുണയാത്ര എന്ന പേരിൽ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഹരിദ്വാർ, വാരണാസി, ഗയ, പുരി, കൊണാർക്, രാമേശ്വരം എന്നീ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി 20 ന് തിരിച്ചെത്തും. കർക്കിടകവാവ് ദിവസം കാശിയിൽ ബലിതർപ്പണം നടത്താം എന്നതാണ് യാത്രയുടെ പ്രത്യേകത.

കൂടാതെ ഈ മാസം 23-ന് കുറഞ്ഞ ചെലവിൽ വിനോദയാത്ര എന്ന സാധാരണക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന തരത്തിൽ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ച് ഡൽഹി, ആഗ്ര, ജയ്പൂർ, അമൃത്‌സർ, ഗോവ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി അടുത്ത മാസം മൂന്നിന് തിരിച്ചെത്തും. ഈ രണ്ട് ട്രെയിൻ സർവീസുകളിലും സ്ലീപ്പർ ക്ലാസ്, തേർഡ് എസി, സെക്കൻഡ് എസി എന്നീ മൂന്ന് വിഭാഗങ്ങളിലായി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രയിലുടനീളം സസ്യാഹാരങ്ങൾ, സുഖകരമായ വാഹനങ്ങൾ, എല്ലാ യാത്രയിലും ടൂർ എസ്‌കോർട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം തുടങ്ങി സൗകര്യങ്ങൾ ഉൾപ്പെടെ 10,920 രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഓണക്കാല യാത്ര ലക്ഷ്യമിടുന്നവർക്കായി ഗോൾഡൻ ട്രയാങ്കിൾ വിമാനയാത്രാ ടൂർ പാക്കേജ് ഈ മാസം 26-ന് കൊച്ചിയിൽനിന്നു പുറപ്പെടും. രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഡൽഹി, ആഗ്ര, ജയ്പൂർ എന്നിവിടങ്ങൾ സന്ദർശിച്ച് 31-ന് മടങ്ങിയെത്തും.

ഡൽഹിയിൽനിന്നും ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കുത്തബ്മീനാർ, ലോട്ടസ് ടെമ്പിൾ, ഹുമ— യൂണിന്റെ കബറിടം, തീൻമൂർത്തി ഭവൻ എന്നിവിടങ്ങളിലും ജയ്പൂരിൽ ആമ്പർ ഫോർട്ട്, ജന്തർ മന്ദിർ, ഹവാ മഹൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തും. ടിക്കറ്റ് നിരക്ക് 29,691 രൂപ മുതൽ തുടങ്ങും.

കൂടാതെ കൊച്ചിയിൽനിന്ന് വിദേശ യാത്രക്കായി തായ്‌ലൻഡ് ടൂർ പാക്കേജും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 28-ന് യാത്ര കൊച്ചിയിൽനിന്നും പുറപ്പെടും. രണ്ട് രാത്രി ബാങ്കോക്കിലും രണ്ട് രാത്രി പട്ടായയിലും താമസം ഉൾപ്പെടെ അഞ്ച് ദിവസത്തെ പാക്കേജ് ആണിത്. ടിക്കറ്റ് നിരക്ക് 36700 രൂപയിൽ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം-9567863242, തിരുവനന്തപുരം- 9567863243, കോഴിക്കോട്- 9746741216, കോയമ്പത്തൂർ- 09003140680, ഐ ആർ സി ടി സി റീജണൽ ഓഫീസ് എറണാകുളം- 9746743045.