ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതി

Posted on: June 4, 2015

KTM-Clean-Destination-big

കൊച്ചി : സംസ്ഥാന ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള പ്രചാരണ പരിപാടിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ ശുചിത്വ മേഖലയായി രൂപപ്പെടുത്താൻ കേരള ട്രാവൽ മാർട്ട് (കെ ടി എം), തദേശഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതി നടപ്പാക്കും. ദീർഘകാലാടിസ്ഥാനത്തിൽ ശുചിത്വ പരിപാടി നടപ്പാക്കുകയും കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ സമ്പൂർണ ശുചിത്വ സംരക്ഷണ മേഖലയായി നിർത്തുക എന്നതും ജനകീയപങ്കാളിത്തത്തോടെ സൗന്ദര്യവത്ക്കരണം നടപ്പാക്കുക എന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമാകും ക്ലീൻ ഡെസ്റ്റിനേഷൻ
പദ്ധതി ആദ്യം നടപ്പാക്കുക. കൊച്ചി മുൻസിപ്പൽ കോർപറേഷൻ, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ടൂറിസം മേഖലയിലെ സംരംഭകർ, മറ്റ് സംഘടനകൾ, സ്ഥലവാസികൾ എന്നിവരുടെ സഹകരണത്തോടെയുള്ള ബൃഹത്തായ പദ്ധതിക്കാണ് കേരള ട്രാവൽ മാർട്ട് സൊസൈറ്റി രൂപംകൊടുത്തിട്ടുള്ളത്.

കൊച്ചി മുൻസിപ്പൽ കോർപറേഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഫോർട്ട് കൊച്ചിയിൽ വാസ്‌കോഡഗാമ സ്‌ക്വയറിൽ രാവിലെ 7 മണിയ്ക്ക് ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കൊച്ചി മേയർ ടോണി ചമ്മിണി, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോണി എബ്രഹാം ജോർജ്, ദേശീയ ടൂറിസം ഉപദേശക കൌൺസിൽ അംഗം ജോസ് ഡോമിനിക്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫോർട്ട് കൊച്ചിയെ ഗാർഡൻ സിറ്റി ആക്കുക എന്നതാണ് ലക്ഷ്യമെന്നു മേയർ പറഞ്ഞു. ഇതിനായി ഫോർട്ട് കൊച്ചി ബീച്ച് സീറോ വേസ്റ്റ് ഡെസ്റ്റിനേഷൻ ആക്കും. ഉച്ച വരെ ഫോർട്ട് കൊച്ചി ഹെറിറ്റേജ് ടൂറിസം സൊസൈറ്റിയും ഉച്ചയ്ക്ക് ശേഷം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ശുചീകരണം നടപ്പാക്കാൻ പദ്ധതി തയാറാക്കി കഴിഞ്ഞെന്നും മേയർ അറിയിച്ചു. പ്രതിദിനം 15 പേരെ ശുചീകരണത്തിന് മാത്രമായി നിയോഗിക്കും. മാലിന്യം നീക്കം ചെയ്യാൻ ഒരു ലോറി പൂർണമായും ബീച്ചിൽ അനുവദിക്കും. ഇതിനായി പ്രതിമാസം രണ്ടര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 30 ലക്ഷം രൂപ ഇതിനായി ചെലവാകും. ഇത് കൊച്ചി നഗരസഭാ വഹിക്കും.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ആവശ്യത്തിന് വേസ്റ്റ് ബിന്നുകൾ, ക്യാമറകൾ, മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനങ്ങൾ, ടോയ്‌ലറ്റ്കൾ, മാർഗ നിർദേശങ്ങൾ എന്നിവ തയാറായി കഴിഞ്ഞു. ബീച്ചും പരിസരവും പൂർണമായും മാലിന്യ മുക്തമാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും വേർതിരിച്ച് ശേഖരിക്കാൻ ആവശ്യമായ രണ്ടു തരം വേസ്റ്റ് ബിന്നുകളും ഇവിടെ സ്ഥാപിക്കും. ഫോർട്ട് കൊച്ചിയെ സീറോ വേസ്റ്റ് ബീച്ചാക്കി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് കൂട്ടായ പ്രവർത്തനത്തിന്റെ ലക്ഷ്യം.

കൊച്ചി മേയർ ടോണി ചമ്മിണി, ഡൊമിനിക് പ്രസന്റേഷൻ എം എൽ എ, ടൂറിസം സെക്രട്ടറി, ജില്ലാ കലക്ടർ എം ജി രാജമാണിക്യം, കെ ടി എം പ്രസിഡന്റ് ജോണി എബ്രഹാം ജോർജ്, ടി കെ അഷറഫ്, ടൂറിസം സംരംഭകർ തുടങ്ങി അഞ്ഞൂറോളം പേർ ഇന്ന് രാവിലെ 7 മണി മുതൽ രണ്ടു മണിക്കൂർ നീളുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.