ബിസിനസുകൾക്ക് ക്ലൗഡ് സുരക്ഷയുമായി വോഡഫോൺ

Posted on: January 13, 2018

കൊച്ചി : ട്രെൻഡ് മൈക്രോയുമായി സഹകരിച്ച് വോഡഫോൺ ബിസിനസ് ആവശ്യങ്ങൾക്കായുള്ള നൂതന സുരക്ഷാ സംവിധാനമായ വോഡഫോൺ സൂപ്പർ ഷീൽഡ് അവതരിപ്പിച്ചു. നിർണായക ബിസിനസ് വിവരങ്ങളെ വൈറസ് ആക്രമണം, റാൻസം വെയർ, സ്‌പൈ വെയർ, ഫിഷിങ് വെബ്‌സൈറ്റുകൾ, ഡാറ്റ മോഷണം തുടങ്ങിയവയിൽ നിന്നെല്ലാം കാത്തു സൂക്ഷിക്കുന്ന നൂതന സുരക്ഷാ സംവിധാനമാണ് ക്ലൗഡ് അധിഷ്ഠിതമായ വോഡഫോൺ സൂപ്പർ ഷീൽഡ്. യുഎസ്ബി പോർട്ട് ബ്ലോക്കിങ്, യുആർഎൽ ഫിൽറ്ററിംഗ്, വിൻഡോസിൽ ഫുൾ ഡിസ്‌ക് എൻക്രിപ്ഷൻ തുടങ്ങിയ ആധുനിക സംരംഭക ഗ്രേഡ് ഫീച്ചറുകളെല്ലാം അടങ്ങിയതാണ് സൂപ്പർ ഷീൽഡ്.

ട്രെൻഡ് മൈക്രോസിന്റെ ക്ലൗഡ് അധിഷിഠിത ഗ്ലോബൽ സ്മാർട്ട് പ്രൊട്ടക്ഷൻ നെറ്റ്‌വർക്കിന്റെ പിന്തുണയോടെ സൂപ്പർ ഷീൽഡ്, ഭീഷണികൾ തിരിച്ചറിഞ്ഞ് ഉപകരണങ്ങളെ ബാധിക്കും മുമ്പെ തടയുന്നു. വിൻഡോസ് പിസി, മാക് ബുക്കുകൾ, വിൻഡോസ് സെർവറുകൾ, ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ഉപകരണങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ് സൂപ്പർ ഷീൽഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബിസിനസുകൾ വ്യാപകമായി ഡിജിറ്റലും ഓൺലൈനുമായതോടെ ഡാറ്റകളുടെയും വിവരങ്ങളുടെയും സുരക്ഷ നിർണായകമായെന്നും വോഡഫോൺ സൂപ്പർഷീൽഡ് ലളിതമായി താങ്ങാവുന്ന നിരക്കിൽ ആശങ്കകൾ ഒഴിവാക്കി സ്വതന്ത്രമായി സംരംഭക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നും വോഡഫോൺ ബിസിനസ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ ഫിലിപ്പ് പറഞ്ഞു.

വോഡഫോണിന്റെ ഓൺലൈൻ വിപണിയായ വോഡഫോൺ ക്ലൗഡ്‌സ്റ്റോറിൽ ഒരാൾക്ക് മാസം 99 രൂപയ്ക്കും ഒരു വർഷത്തേക്ക് ഒരാൾക്ക് 999 രൂപയ്ക്കും വോഡഫോൺ സൂപ്പർ ഷീൽഡ് ലഭ്യമാണ്.

TAGS: Trend Micro | Vodafone |