മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന് മൂന്നാം ക്വാർട്ടറിൽ മികച്ച നേട്ടം

Posted on: January 17, 2018

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന് നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ മികച്ച നേട്ടം. കമ്പനിയുടെ ലാഭത്തിൽ മുൻ വർഷത്തേതിനേക്കാൾ 143.94 ശതമാനം വർധനവുണ്ടായി. നികുതിക്ക് ശേഷമുള്ള ലാഭം 15.71 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിൽ 6.44 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 50.19 ശതമാനം വർധിച്ച് മുൻ വർഷത്തെ 70.07 കോടി രൂപയിൽ നിന്ന് 105.22 കോടി രൂപയായി.

മൂന്നാം ക്വാർട്ടറിൽ 485.89 കോടി രൂപ ഇരുചക്രവാഹന വായ്പയായി വിതരണം ചെയ്യപ്പെട്ടു. മുൻ വർഷം ഇത് 270.95 കോടി രൂപയായിരുന്നു. മൊത്തം വായ്പ 526.09 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 313.90 കോടി രൂപയായിരുന്നു. മൂന്നാം ക്വാർട്ടറിൽ കമ്പനി കൈകാര്യം ചെയ്ത മൊത്തം ആസ്തി 1979.56 കോടി രൂപയാണ്. മുൻ വർഷത്തേതിനേക്കാൾ 55.9 ശതമാനം കൂടുതലാണിത്.

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ 9 മാസക്കാലത്ത് മൊത്തം വരുമാനം 279.33 കോടി രൂപയാണ്. മുൻ വർഷത്തെ 204.40 കോടി രൂപയേക്കാൾ 36.66 ശതമാനം കൂടുതലാണിത്. വായ്പാ വിതരണച്ചെലവ് 15.77 ശതമാനം വർധിച്ച് 78.18 കോടി രൂപയിൽ നിന്ന് 90.51 കോടി രൂപയായി. മൊത്ത അറ്റ പലിശ 188.83 കോടി രൂപയാണ്. മുൻ വർഷം ഇത് 126.22 കോടി രൂപയായിരുന്നു. വളർച്ച 50 ശതമാനം. 9 മാസക്കാലത്തെ നികുതിയ്ക്ക് മുൻപുള്ള ലാഭം 69.30 ശതമാനം വർധിച്ച് 29.28 കോടി രൂപയിൽ നിന്ന് 49.57 കോടി രൂപയായി. അറ്റാദായം 32.16 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിൽ ഇത് 18.97 കോടി രൂപയായിരുന്നു. 69.53 ശതമാനം വർധന. ക്യൂഐപി വഴി സമാഹരിക്കപ്പെട്ട തുക കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കാനും സഹായകമായതായി തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.