എസ് ബി ടി ക്ക് 91.47 കോടി രൂപ അറ്റാദായം

Posted on: February 4, 2016

sbt-ho-tvm-b

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 2015 ഡിസംബർ 31 നു അവസാനിച്ച ക്വാർട്ടറിൽ 91.47 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ ക്വാർട്ടറിനേക്കാൾ 23 ശതമാനം വർധനയാണിത്. 2015 ഡിസംബർ 31 ന് അവസാനിക്കുന്ന ഒമ്പതു മാസ കാലയളവിലെ അറ്റാദായം മുൻ വർഷസമാന കാലയളവിലെ 143.56 കോടിയെ അപേക്ഷിച്ച് 275.59 കോടി രൂപയിലെത്തി.

പലിശച്ചെലവുകൾ കുറഞ്ഞതും കമ്മീഷൻ, ലോക്കർ വാടക, വായ്പ പ്രൊസസിംഗ് ചാർജ് തുടങ്ങിയ ഇതര വരുമാനങ്ങളിൽ ഉണ്ടായ കുതിപ്പും ക്വാർട്ടറിലെ വരുമാന വർധനവിനു കാരണമായി. നിഷ്‌ക്രിയാസ്തി 2604 കോടി രൂപയായി കുറയ്ക്കുന്നതിലും ബാങ്ക് വിജയം കൈവരിച്ചു. തത്ഫലമായി മൊത്തം നിഷ്‌ക്രിയാസ്തി ശതമാനവും മുൻ വർഷ സമാനകാലയളവിലെ 4.91 ശതമാനത്തിൽനിന്ന് 3.87 ശതമാനം ആയി കുറഞ്ഞുവന്നു.

2015 ഡിസംബറിൽ ബാങ്കിന്റെ നിക്ഷേപങ്ങൾ 2014 ഡിസംബർ 31ലെ 914.40 കോടിയെ അപേക്ഷിച്ച് 10,0188 കോടി രൂപയായി ഉയർന്നു. കാസ നിക്ഷേപങ്ങളിൽ 5152 കോടിയുടെ വർഷാനുവർഷ വളർച്ച (19.22) രേഖപ്പെടുത്തി. ചെലവ് കൂടിയ വൻ നിക്ഷേപങ്ങൾ 15.45 ശതമാനത്തിൽനിന്ന് 10.13 ശതമാനമായി വർഷാനുവർഷം കുത്തനെ കുറഞ്ഞതായി മാനേജിംഗ് ഡയറക്ടർ ജീവൻദാസ് നാരായൺ പറഞ്ഞു.

പ്രവാസി നിക്ഷേപങ്ങൾ 5,563 കോടി വർഷാനുവർഷ വളർച്ചയോടെ 34,321 കോടിയിലെത്തി.2015 ഡിസംബർ 31നു എസ് ബി ടി യുടെ കറന്റ് സേവിംഗ്‌സ് നിക്ഷേപാനുപാതം 2014 ഡിസംബർ 31ലെ 29.31 ശതമാനത്തിൽനിന്ന് 31.89 ശതമാനമായി വളർന്നു. 2014 ഡിസംബർ 31ലെ 7.38 ശതമാനത്തിന്റെ സ്ഥാനത്ത് 2015 ഡിസംബർ 31ന് നിക്ഷേച്ചെലവുകൾ 7.04 ശതമാനമായി കുറഞ്ഞു.

2015 ഡിസംബർ 31 ന് ബാങ്കിന്റെ മൊത്ത വായ്പകൾ 2014 ഡിസംബർ 31ലെ 68,521 കോടിയിൽ നിന്ന് 6,72,4129 കോടി രൂപയാണ്. 16 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ് ബി ടി ക്ക് ആകെ 1166 ശാഖകളും 1699 എടിഎമ്മുകളുമുണ്ട്. കേരളത്തിൽ ബാങ്കിനു 846 ശാഖകളും 1186 എടിഎമ്മുകളുമുണ്ട്. മിഡ്‌കോർപറേറ്റുകളുടെ ബിസിനസിൽ പങ്കാളിത്ത വർധന ലക്ഷ്യമാക്കി കേരളത്തിൽ ബാങ്ക് രണ്ട് മിഡ് കോർപറേറ്റ് ശാഖകൾ അടുത്തിടെ തുറന്നതായും മാനേജിംഗ് ഡയറക്ടർ ജീവൻദാസ് നാരായൺ പറഞ്ഞു.