മേക്കർ വില്ലേജ് ബ്ലോക്കത്തോണിൽ വെരാസ് വിജയികൾ

Posted on: December 27, 2017

കൊച്ചി : കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുന്നത് ലക്ഷ്യമാക്കി മേക്കർവില്ലേജ് സംഘടിപ്പിച്ച ബ്ലോക്കത്തോൺ ഫോർ ചെയിഞ്ചിൽ നിഖിൽ വി ചന്ദ്രൻ, അനൂപ് വിഎസ് എന്നിവർ നേതൃത്വം നൽകുന്ന കമ്പനിയായ വെരാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒരുലക്ഷം രൂപയാണ് സമ്മാനം.

ഇൻഫിൽക്യൂബ് രണ്ടാം സ്ഥാനവും ഇറിഡിസന്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിന് 50000 രൂപയും മൂന്നാം സ്ഥാനത്തിന്് 25000 രൂപയുമാണ് സമ്മാനത്തുക.

കേരള സ്റ്റാർട്ടപ്പ് മിഷൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, ചെന്നൈ അമേരിക്കൻ കോൺസുലേറ്റ്് എന്നിവയുടെ സഹകരണത്തോടെയാണ് കുടിയേറ്റ തൊഴിലാളികളുടെ ഉന്നമനത്തിനായി ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യ ഉപയുക്തമാക്കുന്നതിനായി കളമശേരി മേക്കർ വില്ലേജിൽ മത്സരം സംഘടിപ്പിത്. പിഴവില്ലാത്ത പദ്ധതി വികസിപ്പിച്ചതാണ് വെരാസിനെ ഒന്നാം സ്ഥാനത്തിനർഹമാക്കിയത്. എറണാകുളം റേഞ്ച് ഐജി പി വിജയൻ സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി 112 പേരാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയിരുന്നത്. അതിൽ നിന്നും 25 പേരെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തു. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 ടീമുകളുടെ ആശയരേഖ രണ്ട് ദിവസമായി നടന്ന മത്സരത്തിൽ അവതരിപ്പിച്ചു. ഇതിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.

മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ, അമേരിക്കൻ കോൺസുലേറ്റ് വക്താവ് അലക്‌സിസ് വൂൾഫ്, സിപിപിആർ ചെയർമാൻ ഡോ. ഡി ധനുരാജ് എന്നിവർ സംബന്ധിച്ചു.