വനിതാസംരംഭകരിൽ ഉൾക്കാഴ്ച പകർന്ന് ഷീ-2017 ടെക് മീറ്റ്

Posted on: October 24, 2017

കൊച്ചി : സാങ്കേതിക മേഖലയിലെ വനിതാ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് മേക്കർ വില്ലേജ് സംഘടിപ്പിച്ച ത്രിദിന സമ്മേളനം വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുത്തൻ ഉൾക്കാഴ്ച പകർന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സും വിമൻ ഇൻ എൻജിനീയറിംഗും സഹകരിച്ചാണ് അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ പരിപാടി സംഘടിപ്പിച്ചത്.

ഷീ-2017 എന്നു പേരിട്ടിരുന്ന ഈ സമ്മേളനത്തിലൂടെ വനിതാ സംരംഭകരിൽ സാങ്കേതിക വിദ്യയുടെ വാണിജ്യ സാധ്യതകളെക്കുറിച്ചുള്ള വിജ്ഞാനം വളർത്തുകയായിരുന്നു ഉദേശ്യം. ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ അസറ്റ്‌ലിവറേജ്ഡ് സൊല്യൂഷൻസ് അനലിറ്റിക്‌സ് ആൻഡ് ഇൻസൈറ്റ് യൂണിറ്റ് ആഗോള മേധാവി സുജാത മാധവ് ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ആഗോളതലത്തിൽ ഇന്ന് ഒരിടത്തും ലിംഗ വിവേചനമില്ലെന്ന് അവർ പറഞ്ഞു. വിഷയത്തെക്കുറിച്ചുള്ള അറിവ് മാത്രമാണ് പ്രധാനം. അതിനാൽ തന്നെ സാങ്കേതിക മേഖലയിലെ വിജ്ഞാനം വർധിപ്പിക്കുകയാണ് വേണ്ടത്. സംരംഭകരാകാനുള്ള അദമ്യമായ ആഗ്രഹവുംകഠിനാധ്വാനം ചെയ്യാനുള്ള കഴിവുമാണ്‌വേണ്ടതെന്നും അവർ പറഞ്ഞു. ടിസിഎസിന്റെ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പദ്ധതിയുടെ മേധാവിയാണ് സുജാത.

ഇൻകുബേറ്ററുകളുടെ അനന്ത സാധ്യത പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മേക്കർ വില്ലേജ് പ്രതിനിധികളായ കിരൺ കൃഷ്ണ, ശ്രീജിത് വേണുഗോപാൽ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിന്റെ രണ്ടാംദിവസം നാല് പരിശീലന കളരികളാണ് നടന്നത്. ഇതിൽമുന്നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്റർനെറ്റ് ഓഫ് തിംഗ്‌സിനെക്കുറിച്ചുള്ള ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായി. വിവിധതരം പദ്ധതികൾക്ക് മൈക്രോകൺട്രോളറുകൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നു. ആമസോൺ വെബ്‌സർവീസസ് അധിഷ്ഠിതമായ ക്ലൗഡ് കംപ്യൂട്ടിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലെ ക്ലാസുകളും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.

ഷീ-2017 നോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് സ്വമേധയാ പങ്കെടുക്കാവുന്നതായിരുന്നു പരിപാടകൾ. സമ്മേളനത്തിന്റെ അവസാന ദിവസം കിരൺ കൃഷ്ണ, ശ്രീജിത് വേണുഗോപാൽ, എറണാകുളം അസിസ്റ്റന്റ് കളക്ടർ ഇഷ പ്രിയ എന്നിവരുടെ സംഭാഷണങ്ങളും വിനയ് മേനോനുമൊത്തുള്ള സ്റ്റാൻഡ് അപ് കോമഡി എന്നിവയും സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളായി. ഇതോടൊപ്പം തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിക്കുന്നതിന് വനിതകൾക്കുള്ള മത്സരവും സംഘടിപ്പിച്ചു. മികച്ച പ്രോജക്ടുകൾക്ക് മേക്കർ വില്ലേജ് പ്രീ ഇൻകുബേഷൻ സൗകര്യവും ആവശ്യമായ ഉപദേശവും നൽകും.

TAGS: Maker Village |