സ്പ്രിങ്ഫീൽഡും വിമൺസ് സീക്രട്ടും ഇന്ത്യൻ വിപണിയിൽ

Posted on: July 19, 2017

കൊച്ചി: സ്പാനീഷ് ഫാഷൻ ബ്രാൻഡായ സ്പ്രിങ്ഫീൽഡും അടിവസ്ത്ര ബ്രാൻഡായ വിമൺസ് സീക്രട്ടും ഇന്ത്യയിൽ തങ്ങളുടെ സ്റ്റോറുകൾക്കു തുടക്കം കുറിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഭാഗമായ ടേബിൾസ് ഇന്ത്യയാണ് 89 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മുൻനിര സ്പാനീഷ് ഫാഷൻ റീട്ടെയിൽ സ്ഥാപനമായ ഗ്രുപ്പോ കോർട്ടെഫെലുമായി സഹകരിച്ച് സ്പ്രിങ്ഫീൽഡ്, വിമൺസ് സീക്രട്ട് സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചത്.

ഫാഷൻ, സവിശേഷമായ ചെറുകിട വിപണി, ഭക്ഷ്യ-പാനീയ മേഖല എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ടേബിൾസ് ഇന്ത്യയ്ക്ക് ഗ്രുപ്പോ കോർട്ടെഫെലിന്റെ ബ്രാൻഡുകളായ സ്പ്രിങ്ഫീൽഡ്, വിമൺസ് സീക്രട്ട് എന്നിവയുടെ ഇന്ത്യയിലേയും ശ്രീലങ്കയിലേയും മാസ്റ്റർ ഫ്രാഞ്ചൈസി അവകാശങ്ങളാണുള്ളത്. ലുലു എക്‌സ്‌ചേഞ്ച്, ട്വന്റി 14 എന്നിവയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ അദീബ് അഹമ്മദാണ് ടേബിൾസ് ഇന്ത്യയ്ക്ക് നേതൃത്വം നൽകുന്നത്.

സ്പ്രിങ്ഫീൽഡിന്റേയും വിമൺസ് സീക്രട്ടിന്റേയും ഇന്ത്യയിലെ ആദ്യ സ്റ്റോറുകൾ ആരംഭിക്കാനായതിൽ തങ്ങൾക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടേബിൾസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾക്ക് അനന്യമായ ഒരു ഷോപ്പിഗ് അനുഭവം പ്രദാനം ചെയ്യാനായി കാത്തിരിക്കുകയാണെന്നും അദീബ് അഹമ്മദ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ എല്ലാ പ്രധാന മെട്രോകളിലും തങ്ങളുടെ ബ്രാൻഡിനെ എത്തിക്കുന്നതാവും രാജ്യ വ്യാപകമായ വികസന പദ്ധതികളെന്നും അദീബ് അഹമ്മദ് പറഞ്ഞു. ബെംഗലൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ രണ്ടു വീതം ആറു സ്റ്റോറുകൾ കൂടി ഈ വർഷം ഇരു ബ്രാൻഡുകൾക്കുമായി ആരംഭിക്കും. 2018 ഓടെ സ്പ്രിങ് ഫീൽഡ് ഒൻപതു സ്റ്റോറുകളും വിമൺസ് സീക്രട്ട് 12 സ്‌റ്റോറുകളും രാജ്യത്ത് ആരംഭിക്കും. ബെംഗലൂരു, മുംബൈ, ഡെൽഹി എന്നിവിടങ്ങളിലായാവും ഇത്. 2021 ഓടെ ഇരു ബ്രാൻഡുകൾക്കുമായി 75 സ്‌റ്റോറുകൾ ആരംഭിക്കാനാവുമെന്നാണു തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വൈറ്റ്ഫീൽഡിലെ ഫീനിക്‌സ് മാർക്കറ്റ് സിറ്റി മാളിലുള്ളള ആദ്യ സ്പ്രിങ്ഫീൽഡ്, വിമൺസ് സീക്രട്ട് സ്‌റ്റോറുകൾ സ്‌പെയിൻ എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ എഡാർഡോ സാഞ്ചെസ് മെറോനോ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ടേബിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ അദീബ് അഹമദ്, ഗ്രുപ്പോ കോർട്ടെഫെൽ ഫ്രാഞ്ചൈസിങ് ഗ്രൂപ്പ് ജനറൽ മാനേജർ അന്റോണീസ് കൈപ്രിയാനു എന്നിവർ സന്നിഹിതരായിരുന്നു.

ആഗോള വ്യാപകമായി 73 രാജ്യങ്ങളിലെ 941 സ്റ്റോറുകളിൽ ലഭ്യമായ കാഷ്വൽ ലൈഫ് സ്റ്റൈൽ ബ്രാൻഡാണ് സ്പ്രിങ്ഫീൽഡ്. ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് വ്യാപാര സ്ഥാപനങ്ങളിലും പതാക വാഹക സ്റ്റോറുകളിലും കൂടെയായിരിക്കും ഇവയുടെ ഇന്ത്യയിലെ വിൽപ്പന നടത്തുക. നാഗരിക വസ്ത്ര ശൈലികളും പുതിയ പ്രവണതകൾക്കനുസരിച്ചുള്ള വസ്ത്രങ്ങളും തേടുന്ന 18-35 വയ സ്സിനിടയിലുള്ള യുവതീ യുവാക്കൾക്ക് അന്താരാഷ്ട്ര ഫാഷൻ ലഭ്യമാക്കുന്നതായിരിക്കും ഈ ബ്രാൻഡ്.

ഗ്രുപ്പോ കോർട്ടെഫെലിന്റെ അടി വസ്ത്ര ബ്രാൻഡായ വിമൺസ് സീക്രട്ട് 50 രാജ്യങ്ങളിലെ 630 സ്റ്റോറുകളിലൂടെ ലഭ്യമാണ്. എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്‌റ്റോറുകളിലൂടെയാവും ഇത് ഇന്ത്യയിൽ വിൽക്കുക. ഈ ബ്രാൻഡിൽ ലഭിക്കുന്ന വനിതകളുടെ അടിവസ്ത്രങ്ങൾ, നീന്തൽ വസ്ത്രങ്ങൾ, നിശാവസ്ത്രങ്ങൾ എന്നിവയെല്ലാം സ്‌റ്റൈലിനൊപ്പം സൗകര്യവും കൂടി നൽകുന്നു.