ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക് : 1000 കോടിയുടെ നിക്ഷേപ പ്രതീക്ഷ

Posted on: February 27, 2016
എറണാകുളം ആമ്പല്ലൂർ ഇലക്‌ട്രോണിക്‌സ് പാർക്കിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെയും ഭൂമി കൈമാറ്റത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ. ബാബു നിർവഹിക്കുന്നു. ഭക്ഷ്യ സിവിൽ സപ്പൈസ് മന്ത്രി അനൂപ് ജേക്കബ്. ജോസ് കെ. മാണി എംപി തുടങ്ങിയവർ സമീപം.

എറണാകുളം ആമ്പല്ലൂർ ഇലക്‌ട്രോണിക്‌സ് പാർക്കിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെയും ഭൂമി കൈമാറ്റത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ. ബാബു നിർവഹിക്കുന്നു. ഭക്ഷ്യ സിവിൽ സപ്പൈസ് മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ. മാണി എംപി തുടങ്ങിയവർ സമീപം.

കൊച്ചി : ആമ്പല്ലൂരിൽ കെഎസ്‌ഐഡിസി നിർമിക്കുന്ന ഇലക്ട്രോണിക് പാർക്കിന്റെ പ്രഖ്യാപനവും ഭൂമി കൈമാറലും മന്ത്രി കെ.ബാബു നിർവഹിച്ചു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ വ്യവസായ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 5000 പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കുമെന്നും കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. അരുന്ധതിയമ്മ, രേവമ്മ എന്നിവരിൽ നിന്ന് ഏറ്റെടുത്ത ഭൂമിവിലയുടെ ചെക്ക് കൈമാറ്റമാണ് പ്രാഥമികമായി മന്ത്രി നിർവഹിച്ചത്.

സ്ഥലമെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടു വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സ്ഥലം എംഎൽഎ കൂടിയായ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പദ്ധതിക്കു വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുമതി ലഭ്യമായിക്കഴിഞ്ഞു. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള പ്രാരംഭനടപടികൾ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ആമ്പല്ലൂർ, മുളന്തുരുത്തി, മണക്കുന്നം വില്ലേജുകളിൽ കോണോത്ത് പുഴയുടെ ഇരുകരകളിലുമായി കിടക്കുന്ന 1500 ഏക്കർ ഭൂമിയിൽ 100 ഏക്കറിലാണ് ഇലക്ട്രോണിക് പാർക്ക് നിർമിക്കുന്നത്. കൊച്ചി തുറമുഖത്തുനിന്നും 25 കിലോമീറ്ററും രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 40 കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരം. തണ്ണീർത്തട സംരക്ഷണ നിയമം ലംഘിക്കാതെ നിർമിക്കപ്പെടുന്ന ഈ പദ്ധതിക്കായി 2650 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. 600 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

മൊബൈൽ ഉപകരണങ്ങൾ, പവർ ഇലക്ട്രോണിക്‌സുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സുകൾ, ഐടി സിസ്റ്റമുകളും ഹാർഡ്‌വെയറുകളും, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്‌സ്, ഓട്ടോമൊബീൽ ഇലക്ട്രോണിക്‌സ്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ ഉത്പാദനമായിരിക്കും ഇവിടെ പ്രധാനമായും നടക്കുകയെന്ന് ആമ്പല്ലൂർ ഇലക്‌ട്രോണിക്‌സ് പാർക്കിന്റെ സ്‌പെഷൽ ഓഫീസറും കെഎസ്‌ഐഡിസി ജനറൽ മാനേജറുമായ കെ.ജി. അജിത് കുമാർ റിപ്പോർട്ട് അവതരണത്തിൽ വ്യക്തമാക്കി.

ജോസ് കെ. മാണി എം.പി വിശിഷ്ടാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, പഞ്ചായത്ത് അംഗം കെ.എസ്.രാധാകൃഷ്ണൻ, കെഎസ്‌ഐഡിസി എജിഎം എം. ടി. ബിനിൽകുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.