സ്‌പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മത്സരത്തിൽ ഫ്രാൻസ് വിജയി

Posted on: September 27, 2016

spice-route-culinary-team-fകൊച്ചി : കേരള ടൂറിസം, യുനൈസ്‌കോയുടെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര പാചക മത്സരത്തിൽ ഫ്രാൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രാൻസിന്റെ ദിദിയർ കോർലുവും ലെ മിൻ മാൻ എന്നിവരടങ്ങിയ ടീം ഉണ്ടാക്കിയ വിഭവമാണ് ഒന്നാം സ്ഥാനത്തിനർഹമായത്. ഈജിപ്തിന്റെ യാസർ റമദാൻ-മറിയം മാഗ്ദി ടീമിനാണ് രണ്ടാം സ്ഥാനം. തായ്‌ലാൻഡിന്റെ സാങ് പോൾ, വിതാൻ വാറ്റ, ജാരൂക് ഷിയാ റൂൺ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

spice-route-culinary-profes

കേരള ഇനങ്ങളിലെ പ്രൊഫഷണൽ വിഭാഗത്തിൽ പ്രകാശ് സുന്ദരം (എറണാകുളം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. അശോക് ഈപ്പനാണ് (തിരുവനന്തപുരം ) രണ്ടാം സ്ഥാനം. ഇറ്റാലിയൻ രുചികൾ കേരള വിഭവങ്ങളിലേക്കെത്തിച്ച സിയാദ് സി എ (എറണാകുളം) മൂന്നാം സ്ഥാനവും നേടി. ഗാർഹിക വിഭാഗത്തിൽ വിദ്യാർത്ഥി കൂടിയായ സഞ്ജയ് സണ്ണിയാണ് (കണ്ണൂർ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലിസ ജോജി (ആലുവ) രണ്ടാം സ്ഥാനവും സയിദ അബ്ദുൾ റഹിം (മലപ്പുറം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

spice-route-culinary-amatur

 

ടൂറിസത്തോടൊപ്പം ജനങ്ങളുടെ ജീവിത നിലവാരം കൂടി മെച്ചപ്പെടുത്തണമെന്ന് സമാപന സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന പ്രഫ. കെ വി തോമസ് എംപി പറഞ്ഞു. തന്റെ മണ്ഡലത്തിൽ അന്താരാഷ്ട്ര പാചക മത്സരം നടന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിനു വേണ്ടി വ്യത്യസ്തമായ ആശയങ്ങളുമായി സ്‌പൈസ് റൂട്ട് രാജ്യങ്ങളിലെ നയതന്ത്ര സമൂഹം മുന്നോട്ടു വരണമെന്ന് യുനെസ്‌കോ ഡയറക്ടർ ഷിഗേരു അയോഗി പറഞ്ഞു.