ശ്രീരാം പ്രോപര്‍ട്ടീസുമായി ചേര്‍ന്ന് മിത്‌സുബിഷി ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക്

Posted on: September 8, 2018

കൊച്ചി : ജപ്പാനിലെ മിത്‌സുബിഷി കോര്‍പറേഷന്‍ ശ്രീരാം പ്രോപര്‍ട്ടീസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കുന്നു. ചെന്നൈയില്‍ പുരോഗമിക്കുന്ന വലിയൊരു റസിഡന്‍ഷ്യല്‍ ഡവലപ്‌മെന്റ് പദ്ധതിയില്‍ സഹകരിക്കാനുളള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്.

ചെന്നൈയിലെ ശ്രീരാം പാര്‍ക്ക് 63 പദ്ധതിയിലാണ് 70 ശതമാനം അവകാശത്തോടെ മിത്‌സുബിഷി 180 കോടി രൂപ നിക്ഷേപിക്കുന്നത്. 1450 റസിഡന്‍ഷ്യല്‍ യൂണിറ്റുകളും 20 ലക്ഷം ചതുരശ്ര അടി വരുന്ന വില്‍പ്പന ഏരിയയും ഉള്‍പ്പെട്ടതാണ് പദ്ധതി. 25 ശതമാനം മുന്‍കൂര്‍ വില്‍പ്പന നടന്ന പദ്ധതിയില്‍ 3-4 വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

മിത്‌സുബുഷിയുടെ ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ആദ്യത്തെ നിക്ഷേപത്തിന് സഹകാരിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രണ്ടു കമ്പനികളുടെയും മികവു പരമാവധി വികസിപ്പിക്കുകയായിരിക്കും ലക്ഷ്യമെന്നും ശ്രീരാം പ്രോപര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ എം.മുരളി പറഞ്ഞു.

ഇന്ത്യയില്‍ ആദ്യ പ്രൊജക്റ്റിനു സഹകരിക്കാന്‍ അനുയോജ്യമായ സ്ഥാപനം ശ്രീരാമാണെന്ന് കരുതുന്നുവെന്നും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇത് തെളിയിക്കുന്നുവെന്നും ഈ സഹകരണത്തിലൂടെ ഞങ്ങളുടെ വളര്‍ച്ചയും മുന്നില്‍ കാണുന്നുവെന്നും മിത്‌സുബിഷി റിയല്‍ എസ്റ്റേറ്റ് ബിസിനസ് മ്യാന്‍മാര്‍/ഇന്ത്യ ജനറല്‍ മാനേജരും ഇന്ത്യയിലെ നിക്ഷേപ വിഭാഗമായ ഡി ആര്‍ ഐ ഇന്ത്യ സിഇഒയുമായ കെന്റാരോ കോഗ പറഞ്ഞു.