ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ : ഫെസ്റ്റിവല്‍ സിറ്റി മാള്‍ ഒരുങ്ങി

Posted on: November 29, 2018

കൊച്ചി : വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ദുബായിലെ ലോകോത്തര വാണിജ്യവിനോദ കേന്ദ്രമായ ഫെസ്റ്റിവല്‍ സിറ്റി മാള്‍ ഒരുങ്ങി. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ എത്താന്‍ കഴിയുന്ന ദുബായ്
ഫെസ്റ്റിവല്‍ സിറ്റി മാള്‍ ദുബായ് നഗരത്തിന്റെ ആധുനിക മുഖമാണ്.

ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ വാട്ടര്‍ സ്‌ക്രീന്‍ ലേസര്‍ ലൈറ്റ് ഷോ ആയ ഇമാജിന്‍ വീക്ഷിക്കാന്‍ ലോകമെമ്പാടും നിന്നായി പതിനായിരക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും എത്തുന്നത്.  30 വാട്ടര്‍ഫൗണ്ടനുകള്‍ സൃഷ്ടിക്കുന്ന പടുകൂറ്റന്‍ ജലതിരശീലയില്‍ ലേസര്‍ ലൈറ്റും സറൗണ്ട് സൗണ്ടും സൃഷ്ടിക്കുന്ന മായാജാലം സന്ദര്‍ശകര്‍ക്ക്  അവിസ്മരണീയ അനുഭവമാണ് സമ്മാനിക്കുന്നത്. വിനോദ സഞ്ചാരികള്‍  നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദ പരിപാടികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഇമാജിന്‍ വീക്ഷിക്കാന്‍ ഓരോ സായാഹ്നത്തിലും 18,000 സന്ദര്‍ശകര്‍ എത്താറുണ്ട്.

പ്രവേശനം സൗജന്യമാണെന്നതും വാട്ടര്‍ഫ്രണ്ട് ഡൈനിംഗ് പോലുള്ള  സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ഈ മായക്കാഴ്ചയെ സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമാക്കുന്നു. ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ്ങിന്റെ കണക്കുപ്രകാരം 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെ ദുബായ് സന്ദര്‍ശിച്ച ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം 617,000 ആണ്.

ഓരോ വര്‍ഷവും 7 ശതമാനം വര്‍ധനവാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലുള്ളത്. ലോകോത്തര ബ്രാന്‍ഡുകളുടെ 400 ലധികം ഔട്ട്‌ലെറ്റുകള്‍, ദുബായിലെ ഏറ്റവും വലിയ ഫുഡ്‌കോര്‍ട്ടില്‍ സജ്ജമാക്കിയിട്ടുള്ള 56 റെസറ്റോറന്റുകള്‍, 18 സ്‌ക്രീനുകളുള്ള 4ഡി, ഐമാക്‌സ് സിനിമാ തീയറ്ററുകള്‍ തുടങ്ങിയവ ദുബായ് സിറ്റി മാളിന്റെ ആകര്‍ഷണങ്ങളില്‍ ചിലതാണ്. ഐകിയ, സാറാ, എച്ച് ആന്‍ഡ് എം, ടോപ്‌ഷോപ്, കോച്ച്, ഡിക്‌നി, കേറ്റ്, സ്‌പേഡ് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണില്‍ ഏറ്റവുമധികം സന്ദര്‍ശകര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് അല്‍ ഫുട്ടൈം മാള്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ക്ലീവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 6.17 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് എത്തിയതായാണ് ദുബായ് ടൂറിസം വകുപ്പിന്റെ കണക്ക്.