ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഹോങ്കോംഗിൽ പ്രവർത്തനം ആരംഭിച്ചു

Posted on: May 29, 2018

ഹോങ്കോംഗ് : ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഹോങ്കോംഗിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ഹോങ്കോംഗ് ആസ്ഥാനം കൗലൂണിൽ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അമിട്ടത്തോടി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രാദേശിക ധനകാര്യ കമ്പനി ഏറ്റെടുത്താണ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഹോങ്കോംഗിൽ ലുലു മണി ആരംഭിച്ചത്. ഇതോടെ ആഗോള നെറ്റ്‌വർക്കിലേക്ക് അഞ്ച് ശാഖകൾ കൂടി ലുലു മണി കൂട്ടിച്ചേർത്തു. നിലവിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് 10 രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു.

ഹോങ്കോംഗിൽ പ്രവർത്തനം ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഏഷ്യാ പസഫിക് മേഖലയിൽ വളരെയേറെ പ്രാധാന്യമുള്ള രാജ്യമാണ് ഹോങ്കോംഗ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സാമ്പത്തിക സേവന മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദീബ് അഹമ്മദ് അറിയിച്ചു.

ലുലു മണി റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ വഴി ധനവിനിമയം, കറൻസികളുടെ ഇറക്കുമതി, കയറ്റുമതി എന്നീ സേവനങ്ങൾ ലഭ്യമാക്കും. ഈ മേഖലയിൽ ഫിൻടെക്ക് പരിസ്ഥിതി വിപ്ലവത്തിന്റ ലക്ഷ്യമിട്ടാണ് കമ്പനി പ്രവർത്തിച്ചു വരുന്നത്. തൽസമയ ഓൺലൈൻ ഇടപാടുകൾ, ഇടപാടുകളുടെ ട്രാക്കിംഗ് ഉൾപ്പടെയുള്ള നിരവധി സവിശേഷതകൾ ലുലു മണി ആപ്ലിക്കേഷനിൽ
ഉണ്ടായിരിക്കും.

2020 ഓടെ ധനവിനിമയരംഗത്ത് മുപ്പത് ശതമാനം ഇടപാടുകളും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ സാദ്ധ്യമാക്കുകയാണ് ലുലു എക്‌സ്‌ചേഞ്ചിന്റെ ലക്ഷ്യമെന്നും അദീബ് അഹമ്മദ് വിശദീകരിച്ചു.