രാഷ്ട്രപതി ഭവനിൽ എൽപിജി പഞ്ചായത്ത്

Posted on: February 16, 2018

ന്യൂഡൽഹി : രാഷ്ട്രപതി ഭവനിൽ എൽപിജി പഞ്ചായത്ത് സംഘടിപ്പിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റേയും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാന്റേയും സാന്നിധ്യത്തിൽ നടന്ന എൽപിജി പഞ്ചായത്തിൽ പാർലമെന്റിലെ വനിതാ അംഗങ്ങളും എണ്ണ കമ്പനി പ്രതിനിധികളും വിവിധ തുറകളിൽപ്പെട്ട പ്രമുഖ വ്യക്തികളും പങ്കെടുത്തു.

പ്രധാൻമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കളായ 27 സംസ്ഥാനങ്ങളിൽ നിന്നുള്ള 104 വീട്ടമ്മമാർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഉജ്ജ്വല യോജന സ്ത്രീശാക്തീകരണത്തിന് ആക്കം കൂട്ടിയെന്ന് രാഷ്ട്രപതി പറഞ്ഞു. പദ്ധതി ആരംഭിച്ച് 21 മാസത്തിനുള്ളിൽ 3.4 കോടി ജനങ്ങൾ അതിന്റെ ഗുണഭോക്താക്കളായി മാറിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. സ്ത്രീ ശാക്തീകരണം, സാമൂഹ്യ നീതി, ആരോഗ്യം, ക്ഷേമം എന്നീ മേഖലകളിൽ എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു.

പ്രധാൻമന്ത്രി ഉജ്ജ്വല യോജന പ്രകാരം 3.4 കോടി പാചക വാതക കണക്ഷൻ നൽകി കഴിഞ്ഞതായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പുതുക്കിയ ലക്ഷ്യമായ എട്ടുകോടി കണക്ഷൻ എന്ന നേട്ടം കൈവരിക്കാൻ കഠിന ശ്രമം തുടരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

TAGS: IOC | LPG Panchayat |