തെലുങ്കാന മൃഗസംരക്ഷണ വകുപ്പിന് ഫോഴ്‌സ് ട്രാവലറിന്റെ 100 വാഹനങ്ങൾ

Posted on: September 19, 2017

ഹൈദരാബാദ് : തെലങ്കാന മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ആരംഭിക്കാൻ ഫോഴ്‌സ് ട്രാവലറിന്റെ 100 വാഹനങ്ങൾ വാങ്ങി. വാഹനങ്ങൾ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കൈമാറി. കന്നുകാലികൾക്ക് രോഗപ്രതിരോധ നടപടികൾ കർഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥക്ക് ഒന്നാകെ പദ്ധതി ഗുണം ചെയ്യും. തെലങ്കാനയിൽ 24 ലക്ഷം കുടുംബങ്ങളാണ് കന്നുകാലി വളർത്തലിനെ ആശ്രയിച്ച് ജീവിക്കുന്നത്. മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ഗ്രാമങ്ങൾ സന്ദർശിക്കുകയും കന്നുകാലികളെ ചികിൽസിക്കുകയും ചെയ്യും.വാക്‌സിനേഷനും ക്ലിനിക്കുകൾ നൽകും.

ഇന്ത്യയിലെ ഏറ്റവും വലിയ വാൻ നിർമ്മാതാക്കളായ ഫോഴ്‌സിന്റെ ട്രാവലറാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കിന് വേണ്ടി രൂപ മാറ്റം വരുത്തിയത്. വിശാലമായ ഉൾത്തളവും ഗ്രൗണ്ട് ക്ലിയറൻസും റിയർ വീൽ ഡ്രൈവും ഉള്ള ട്രാവലർ മൊബൈൽ വെറ്ററിനറി ക്ലിനികിന് ഏറെ അനുയോജ്യമാണ് .ഈ സെഗ്മെന്റിൽ ട്രാവലറാണ് ഒന്നാമത്. പരിശോധന ടേബിൾ, മെഡിസിൻ സൂക്ഷിക്കാനുള്ള സ്ഥലം, ഓക്‌സിജൻ സിലിണ്ടർ സ്റ്റോറേജ്,ഓക്‌സിജൻ ഡെലിവറി സംവിധാനം, ഡോക്ടർക്ക് ഇരിക്കാനള്ള സ്ഥലം എന്നിവയെല്ലാം മൊബൈൽ ക്ലിനിക്കിൽ ഉണ്ട്.