പിഎൻബി-ഒല മൊബൈൽ എടിഎമ്മുകൾ കൊച്ചിയിൽ

Posted on: December 2, 2016

ola-money-bigകൊച്ചി : രാജ്യത്തെ പ്രമുഖ ട്രാൻസ്‌പോർട്ടേഷൻ ആപ്പായ ഒല, പഞ്ചാബ് നാഷണൽ ബാങ്കുമായി ചേർന്ന് പൊതുജനങ്ങൾക്ക് സൗകര്യ പ്രദമായി പണം പിൻവലിക്കാവുന്ന തരത്തിൽ കൊച്ചിയിൽ മൊബൈൽ എടിഎമ്മുകൾ ഒരുക്കുന്നു. രണ്ടു ദിവസത്തെ പരിപാടിയുടെ ഭാഗമായി നവംബർ 30 ന് നടന്ന ആദ്യ ദിവസത്തെ ഇടപാടിൽ തന്നെ നൂറുകണക്കിന് ആളുകൾ ഈ സൗകര്യം ഉപയോഗിച്ചു. ഡിസംബർ രണ്ടിന് ഇൻഫോപാർക്ക്, എംജി റോഡ്, പനമ്പിള്ളി നഗർ, കലൂർ എന്നിവിടങ്ങളിൽ പണം പിൻവലിക്കുവാനുള്ള സൗകര്യം ലഭ്യമായിരിക്കും.

പിഎൻബിയുടെ എടിഎം മെഷീനുകൾ ഘടിപ്പിച്ച ഒല കാബുകൾ ഈ ഭാഗങ്ങളിൽ എത്തും. ഒല വോളന്റിയർമാരും പിഎൻബി എക്‌സിക്യൂട്ടീവുകളും സഹായത്തിനുണ്ടാകും. കഴിഞ്ഞ ആഴ്ചകളിൽ ഹൈദരാബാദ്, കൊൽക്കത്ത, ബാംഗലുരു എന്നിവിടങ്ങളിൽ പ്രമുഖ ബാങ്കുകളുമായി ചേർന്ന് ഒല ഈ സൗകര്യം ലഭ്യമാക്കിയിരുന്നു.

അത്യാവശ്യം പണത്തിനായി ബാങ്കുകളിലേക്ക് പോകേണ്ട അവസ്ഥ ഒഴിവാക്കുന്നതിനാണ് ജനങ്ങൾക്കടുത്തേക്ക് എടിഎമ്മുകൾ എത്തിക്കുന്നതെന്ന് ഒല ദക്ഷിണ മേഖല ബിസിനസ് മേധാവി കിരൺ ബ്രഹ്മ പറഞ്ഞു.

ഒല പോലൊരു കമ്പനിയുമായി ചേർന്ന് പണത്തിന് ക്ഷാമമുള്ള ഈ ഘട്ടത്തിൽ എറണാകുളം ഭാഗത്തെ ജനങ്ങൾക്ക് പണം ലഭ്യമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് കൊച്ചി ഡിവിഷൻ മേഖല മേധാവി സൂസി ജോർജ് പറഞ്ഞു.