പൊതുമേഖല താപനിലയങ്ങൾ കാലഹരണപ്പെട്ടതായി കണ്ടെത്തൽ

Posted on: March 19, 2015

 

CSE-Chandra-Bhushan-big

ന്യൂഡൽഹി : രാജ്യത്തെ പൊതുമേഖല താപനിലയങ്ങളുടെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്ന് കണ്ടെത്തൽ. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് 16 സംസ്ഥാനങ്ങളിലെ 47 പൊതുമേഖല താപനിലയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ എൻവയേൺമെന്റൽ ഓഡിറ്റിലാണ് അതീവഗുരുതരമായ പിഴവുകൾ കണ്ടെത്തിയത്.

കാലഹരണപ്പെട്ട സാങ്കേതിക വിദ്യമൂലം പൊതുമേഖലയിലെ തെർമൽ പവർ പ്ലാന്റുകളുടെ ഉത്പാദന ശേഷി കേവലം 20 ശതമാനം മാത്രമാണെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചന്ദ്രഭൂഷൺ പറഞ്ഞു. കൽക്കരി അധിഷ്ഠിത താപനിലയങ്ങളുടെ റേറ്റിംഗ് സംബന്ധിച്ച് ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതൽ പാരിസ്ഥിതികനാശം വരുത്തുന്ന ഏഴു വ്യവസായമേഖലകളിൽ ഒന്നാണ് താപനിലയങ്ങൾ. മെർക്കുറി മലിനീകരണത്തിന്റെ 80 ശതമാനവും തെർമൽ പവർപ്ലാന്റുകളിൽ നിന്നാണ്. 25 വർഷമാണ് താപനിലയങ്ങളുടെ മികച്ചപ്രവർത്തന കാലം. രാജ്യത്തെ പൊതുമേഖല താപനിലയങ്ങളിലേറെയും സ്ഥാപിക്കപ്പെട്ടിട്ട് 25 വർഷത്തിലേറെയായി. ഇവയുടെ സ്ഥാപിതശേഷിയുടെ 20 ശതമാനം മാത്രമാണ് ഉത്പാദനം. സിഎസ്ഇ പഠന നടത്തിയ 47 തെർമൽപവർ പ്ലാന്റുകളിൽ നാല് പ്ലാന്റുകൾക്കു മാത്രമാണ് ത്രീ സ്റ്റാർ റേറ്റിംഗുള്ളത്. 20 പ്ലാന്റുകൾ റേറ്റിംഗിന് അനുയോജ്യമല്ലെന്നും ചന്ദ്രഭൂഷൺ ചൂണ്ടിക്കാട്ടി.

താപനിലയങ്ങൾക്കു വേണ്ടി  കൽക്കരി ഖനനം ചെയ്യുന്നതും ഉപയോഗിക്കുന്നതും വലിയതോതിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഊർജ്ജോത്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയിൽ നിന്നാണ്. ഉത്പാദന അവശിഷ്ടമായ ഫ്‌ളൈ ആഷ് മൂന്നു മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് നിബന്ധന. വേണ്ടത്ര മുൻകരുതൽ ഇല്ലാതെ ഫ്‌ളൈ ആഷ് സംഭരിക്കപ്പെടുന്നത്
ജല, വായു മലിനീകരണങ്ങൾക്ക് വഴിവയ്ക്കുന്നു.

NTPC-Thermal-Power-Plants-bഎന്നാൽ പൊതുമേഖല താപനിലയങ്ങൾ ഫ്‌ളൈ ആഷ് സംസ്‌കരണത്തിൽ ഗുരുതരമായ അലംഭാവം കാണിക്കുന്നതായി സിഎസ്ഇ നടത്തിയ എൻവയേൺമെന്റൽ ഓഡിറ്റിൽ കണ്ടെത്തി. ഗുരുതരമായ ഈ അവസ്ഥാവിശേഷം മറികടക്കാൻ സൗരോർജ്ജം പോലുള്ള പാരമ്പര്യേത ഊർജ്ജസ്രോതസുകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യ തയാറാകണം.

ക്രിട്ടിക്കൽ, സൂപ്പർ ക്രിട്ടിക്കൽ, അൾട്ര സൂപ്പർക്രിട്ടിക്കൽ എന്നീ മൂന്നുതരം സാങ്കേതികവിദ്യകളാണ് താപനിലയങ്ങളിൽ ഉപയോഗിക്കുന്നത്. സൂപ്പർ ക്രിട്ടിക്കൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാൻ ഓരോ മെഗാവാട്ടിനും 15 കോടി രൂപ വീതമാണ് ചെലവ് വരുന്നത്. എന്നാൽ സ്വകാര്യമേഖലയിൽ ചെലവ് ഓരോ മെഗാവാട്ടിനും ആറു കോടി രൂപ മാത്രമാണ്. ഓരോ മെഗാവാട്ടിനും രണ്ട് ഏക്കർ വീതം ഭൂമിയും ആവശ്യമായിവരും. ഈ സാഹചര്യത്തിൽ രാജ്യത്തെ താപനിലയങ്ങളുടെ ഭാവിയെക്കുറിച്ച് ഗവൺമെന്റ് അടിയന്തരമായി പുനരവലോകനം ചെയ്യണമെന്ന് ചന്ദ്രഭൂഷൺ ആവശ്യപ്പെട്ടു.