മാലിന്യ സംസ്‌കരണം : കെഎംഎ സെമിനാർ സംഘടിപ്പിച്ചു

Posted on: November 16, 2017

കേരള മാനേജ്‌മെന്റ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പച്ച മാലിന്യസംസ്‌കരണ സെമിനാർ പ്രഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യുന്നു. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്,  ജിബി ജോർജ്, കെഎംഎ സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ, കെ. രാജൻ ജോർജ്, കബീർ ബി. ഹാറൂൺ, ഡോ. ആനന്ദ് മഹാദേവൻ എന്നിവർ സമീപം.

കൊച്ചി : മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) ഹരിതജീവിതം അഭ്യസിക്കുക എന്ന പേരിൽ കൊച്ചിയിൽ സെമിനാർ സംഘടിപ്പിച്ചു. പ്രഫ. കെ.വി. തോമസ് എംപി സെമിനാർ ഉദ്ഘാടനം ചെയ്തു.

മാലിന്യസംസ്‌കരണം വലിയ വെല്ലുവിളിയാണെന്നും കേരളം ഈ രംഗത്തു വളരെ പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മഹാനഗരങ്ങളായ ഡൽഹിയും പൂനെയുമൊക്കെ നേരിടുന്നതിനു സമാനമായ സാഹചര്യമാണു കേരളം ഇപ്പോൾ നേരിടുന്നത്. എന്നാൽ സിക്കിം പോലെയുള്ള സംസ്ഥാനങ്ങൾ ഈ രംഗത്തു ഫലപ്രദമായ വലിയ മുന്നേറ്റങ്ങൾ നടത്തി. സ്‌പെയിനിലെ മനോഹരമായ ഗ്രാമങ്ങളിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് എറണാകുളം ജില്ലയിലെ കുമ്പളങ്ങിയെ മാതൃകാ സംയോജിത ടൂറിസം ഗ്രാമമാക്കാനും വൃത്തിയുള്ള പ്രദേശമാക്കാനും കഴിഞ്ഞതെന്ന് പ്രഫ. കെ.വി. തോമസ് പറഞ്ഞു.

ജിജെ എക്കോ പവർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജിബി ജോർജ്, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കബീർ ബി. ഹാറൂൺ, കൊച്ചി സർവകലാശാല അസി. പ്രൊഫസർ ഡോ. ആനന്ദ് മഹാദേവൻ എന്നിവർ സെമിനാറിൽ സംസാരിച്ചു. ബ്രഹ്മപുരം പ്ലാന്റിൽ തന്റെ സ്ഥാപനം നടപ്പാക്കാൻ ഒരുങ്ങുന്ന കൊച്ചി വേയ്സ്റ്റ് ടു എനർജി പ്രോജക്ടിനെപ്പറ്റി ജിബി ജോർജ് വിശദീകരിച്ചു. കുറഞ്ഞത് 330 ടണ്ണോളം വേർതിരിക്കാത്ത നഗരമാലിന്യങ്ങൾ പ്രോസസ് ചെയ്യാൻ സാധിക്കും. ജർമൻ പേറ്റൻറുള്ള ബയോ-മെക്കാനിക്കൽ ഡ്രൈയിംഗ് സംവിധാനമാണ് മാലിന്യത്തെ ഊർജമാക്കി മാറ്റാനായി ഉപയോഗിക്കുന്നത്. മാലിന്യത്തിലെ വർധിച്ച ജലാംശം, കുറഞ്ഞ കലോറിഫിക് മൂല്യം, നിർമാണമേഖലയിൽ നിന്നുള്ള മാലിന്യവസ്തുക്കളുടെ ആധിക്യം, റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളുടെ കുറവ്, ഭൂമി തയാറാക്കുന്നതിന്റെ ഭാരിച്ച ചെലവ്, പ്രാദേശിക പ്രശ്‌നങ്ങൾ തുടങ്ങിയവയൊക്കെയാണു കൊച്ചിയിലെ മാലിന്യസംസ്‌കരണത്തിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ. 2012ൽ ഈ പദ്ധതിയുടെ പഠനം തുടങ്ങിയെങ്കിലും ആവശ്യമായ പെർമിറ്റുകളും ക്ലിയറൻസുകളും ലഭിച്ചത് കഴിഞ്ഞമാസം മാത്രമാണ്. 2020ൽ പദ്ധതി കമ്മിഷൻ ചെയ്യാനാവുമെന്നാണു പ്രതീക്ഷയെന്ന് അദേഹം ചൂണ്ടിക്കാട്ടി.

യഥാർഥ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞതിനു ശേഷം വേണം മാലിന്യനിർമാർജന- സംസ്‌കരണ പരിപാടികൾ ആവിഷ്‌കരിക്കേണ്ടതെന്നു ക്ലീൻ കേരള ക്യാംപെയ്‌നിനു പിന്നിൽ പ്രവർത്തിക്കുന്ന കബീർ ഹാറൂൺ പറഞ്ഞു. മാലിന്യത്തിൽ നിന്നു പ്ലാസ്റ്റിക് വേർതിരിച്ചു റോഡ് നിർമാണത്തിനടക്കമുള്ള വാണിജ്യാവശ്യങ്ങൾക്കായി റീസൈക്കിൾ ചെയ്യുന്നതാണു ക്ലീൻ കേരള കമ്പനി മുഖ്യലക്ഷ്യമാക്കുന്നത്. മാലിന്യത്തെ സമ്പത്താക്കി മാറ്റിയെടുക്കാൻ കഴിയുമെന്നും അദേഹം വ്യക്തമാക്കി.

ഖരമാലിന്യ സംസ്‌കരണവും അതു പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതവുമാണു ഡോ. ആനന്ദ് മഹാദേവൻ പരാമർശിച്ചത്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങളിൽ നിന്നുണ്ടാകുന്ന മാരകമായ മീഥെയ്ൻ സൃഷ്ടിക്കുന്ന അന്തരീക്ഷപ്രശ്‌നം ഗൗരവതരമാണെന്ന് അദേഹം മുന്നറിയിപ്പു നൽകി. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. കെഎംഎയുടെ ഇന്നൊവേറ്റീവ് ഇനിഷ്യേറ്റീവ്‌സ് ചെയർമാൻ കെ. രാജൻ ജോർജ് സ്വാഗതവും കെഎംഎ സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ നന്ദിയും പറഞ്ഞു.