കാവൽമരം പരിപാടിക്ക് തുടക്കമായി

Posted on: June 5, 2015

തിരുവനന്തപുരം : കേരള പോലീസിന്റെ കാവൽമരം പരിപാടിക്ക് തുടക്കമായി. പോലീസ് സ്റ്റേഷനുകളും സംസ്ഥാനത്തെ മറ്റു പോലീസ് ഓഫീസുകളും വിവിധ ബറ്റാലിയൻ പരിസരങ്ങളും കൂടുതൽ ഹരിതാഭമാക്കുകയാണ് കാവൽമരം പദ്ധതിയുടെ ലക്ഷ്യം. പോലീസ് ആസ്ഥാനത്ത് നിയമസഭാസ്പീക്കർ എൻ. ശക്തൻ മാവിൻ തൈയും ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ ആഭ്യന്തര- വിജിലൻസ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല കണിക്കൊന്ന തൈയും നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു.

സംസ്ഥാന പോലീസ് മേധാവി ടി പി സെൻകുമാർ, എഡിജിപിമാരായ ഋഷിരാജ്‌സിംഗ്, എ. ഹേമചന്ദ്രൻ, അരുൺകുമാർ സിൻഹ, ഡോ. ബി. സന്ധ്യ, അനിൽകാന്ത് എന്നിവരും മറ്റ് മുതിർന്ന ഓഫീസർമാരും പോലീസ് ആസ്ഥാനത്ത് ഫലവൃക്ഷത്തൈകൾ നട്ടു. പരിപാടിയുടെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലുമായി 15000 തൈകൾ നട്ടു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനമുള്ള സ്‌കൂളുകളിലും ഇതോടൊപ്പം വൃക്ഷത്തൈകൾ നട്ടു. വരും ദിവസങ്ങളിലായി കൂടുതൽ തൈകൾ നടുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ വൃക്ഷങ്ങൾ ശരിയായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന ഇടയ്ക്കിടെ നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി പി സെൻകുമാർ പറഞ്ഞു.

മരങ്ങളാണ് പ്രകൃതിയുടെ പ്രധാന കാവൽക്കാർ. അത്തരം കാവൽ മരങ്ങളെ പോലീസ് എന്ന കാവൽ സംരക്ഷണയോടെ നട്ടുവളർത്തി പരിപാലിച്ച് പ്രകൃതി സംരക്ഷണം ഉറപ്പാക്കുക എന്നതാണ് കാവൽമരം പദ്ധതിയുടെ ലക്ഷ്യം. ഇത് മറ്റുള്ളവർ കൂടി മാതൃകയാക്കി കൂടുതൽ വൃക്ഷങ്ങൾ നടുന്നതിനും പ്രകൃതിയെ ഫലപ്രദമായി സംരക്ഷിക്കുന്നതിനും ഒരു വഴികാട്ടി കൂടിയാകണമെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഫീസുകളോടൊപ്പം സ്റ്റുഡന്റ് പോലീസ് സംവിധാനം നിലവിലുള്ള സ്‌കൂളുകളിലും പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു.